ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാനായി 2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിൽ ലോകബാങ്ക് സഹായത്തോടെ കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കിൽ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളർ) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നൽകി. P for R (Programme for Results) മാതൃകയിൽ കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്.
ആരോഗ്യ രംഗത്ത് വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം ആവിഷ്‌ക്കരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഉയർന്ന ജീവിത നിലവാരം, ആയുർദൈർഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങൾ, അപകടങ്ങൾ, അകാല മരണം എന്നിവയിൽ നിന്ന് മുക്തമായ ജീവിതം കെട്ടിപ്പെടുക്കുന്നതിനും ജനങ്ങളെ സഹായിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. ഈ പദ്ധതിയിലെ എല്ലാ ഇടപെടലുകളും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതാണ്. കേരളത്തിലെ മാറിവരുന്ന ജനസംഖ്യാ ശാസ്ത്രപരവും പകർച്ചാവ്യാധിപരവുമായ അവസ്ഥകളെ അഭിസംബോധന ചെയ്തുകൊണ്ട് മൂല്യാധിഷ്ഠിത ആരോഗ്യ സംരക്ഷണം നൽകുന്നതിന് പ്രതിരോധ ശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ രൂപപ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഉയർന്നുവരുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും ആരോഗ്യ വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകമാകും. പകർച്ചേതര വ്യാധികൾ തടയുന്നതിനായി സമഗ്രമായ ഒരു ആവാസ വ്യവസ്ഥ വികസിപ്പിക്കുക, സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മെച്ചപ്പെട്ട സമീപനങ്ങളിലൂടെയും ഉയർന്നുവരുന്ന ആരോഗ്യ ഭീഷണികളെ ചെറുക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക, ആംബുലൻസും ട്രോമ രജിസ്ട്രിയും ഉൾപ്പെടെ 24x7 അടിയന്തര പരിചരണ സൗകര്യങ്ങളുടെ കാര്യക്ഷമമായ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട് എമർജൻസി, ട്രോമ കെയർ സേവനങ്ങൾ ശക്തിപ്പെടുത്തുക, കൂടാതെ വയോജന സേവനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൂടി ഇടപെടൽ മുഖേന, നിലനിൽക്കുന്ന വെല്ലുവിളികളും ഉയർന്നു വരുന്ന പുതിയ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ആരോഗ്യ സംവിധാനങ്ങൾ പുനരാവിഷ്‌കരിക്കുക, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തുക, വിഭവശേഷി വർദ്ധിപ്പിക്കുക, ഡിജിറ്റൽ ഹെൽത്ത് ആപ്ലിക്കേഷനുകൾ സാർവ്വത്രികമാക്കുകയും ആരോഗ്യത്തിനായി പൊതു ധനസഹായം വർധിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യെവെയ്ക്കുന്നത്.
കേരള സംസ്ഥാനം പൊതുജനാരോഗ്യത്തിൽ, പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യത്തിൽ 2030 ലേക്കുള്ള സുസ്ഥിര സ്ഥിര വികസന ലക്ഷ്യങ്ങളെ മറികടന്ന് ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നിരുന്നാലും പുതിയ ആരോഗ്യ വെല്ലുവിളികളും പൊതുജനാരോഗ്യ മേഖലയിലെ ഫണ്ടിംഗിന്റെ അപര്യാപ്തതയും അനാരോഗ്യകരമായ ജീവിതശൈലി മൂലമുള്ള സാംക്രമികേതര രോഗങ്ങളുടെ വർദ്ധനവുമെല്ലാം കേരളത്തിന് അമിത ഭാരം സൃഷ്ടിക്കുന്നു. ആർദ്രം, ആരോഗ്യ ജാഗ്രത, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയ സംരംഭങ്ങൾ ഈ വെല്ലുവിളികളെ പരിഹരിക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ആരോഗ്യ സംരക്ഷണ രംഗത്തെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായാണ് ഒരു പുതിയ സേവന വിതരണ മാതൃക സൃഷ്ടിക്കുന്നതിൻരെ ലക്ഷ്യം.
The Kerala cabinet has given its nod for a Rs 2424.28 crore loan to implement a comprehensive health project, aiming to enhance healthcare infrastructure and services in the state
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."