ബുംറയല്ല, ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ സഞ്ജുവിന്റെ വിശ്വസ്തൻ? റിപ്പോർട്ട്
മുംബൈ: രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി റിഷബ് പന്തിനെയോ യശസ്വി ജയ്‌സ്വാളിനെയോ നിയമിക്കാൻ ബിസിസിഐ താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ടുകൾ. രോഹിത്തിന് ശേഷം ജസ്പ്രീത് ബുംറയാണ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുകയെന്ന ശക്തമായ വാർത്തകൾ നിലനിന്നിരുന്നു, ബുംറയുടെ ഫിറ്റ്നസും ജോലിഭാരവും കണക്കിലെടുത്തുകൊണ്ട് ടീം ബുംറക്ക് നായകസ്ഥാനം കൈമാറാൻ ഒരുക്കമല്ലെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്.
പന്ത് ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ജെയ്‌സ്വാൾ ഇതുവരെ ക്യാപ്റ്റൻസി റോളിൽ എത്തിയിട്ടില്ല. രാജസ്ഥാൻ റോയൽസിൽ മലയാളി താരം സഞ്ജു സാംസണ് കീഴിലാണ് ജെയ്‌സ്വാൾ കളിച്ചിട്ടുള്ളത്. എന്നാൽ പന്ത് ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്‌റ്റനായി പ്രവർത്തിച്ചിട്ടിട്ടുണ്ട്. ഈ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായാണ് പന്ത് തെരഞ്ഞെടുക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഇവരിൽ ഏത് താരത്തെ ടീം പരിഗണിക്കുമെന്ന് കണ്ടുതന്നെ അറിയണം.
അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഈ പരമ്പരയിൽ രോഹിത് ശർമയുടെ കീഴിൽ നിരാശാജനകമായ പ്രകടനം ആയിരുന്നു ഇന്ത്യ നടത്തിയിരുന്നത്. തുടർ തോൽവികൾക്ക് പിന്നാലെ പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും രോഹിത് സ്വയം പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമുള്ള രോഹിത്തിന്റെ ക്യാപ്റ്റൻസിയുടെ ഭാവി എന്താവുമെന്ന ചോദ്യങ്ങൾ ശക്തമായി ഉയരാൻ കാരണമായത്.
പരമ്പരയിൽ ക്യാപ്റ്റന്സിക്ക് പുറമെ ബാറ്റിങ്ങിലും മോശം പ്രകടനങ്ങളാണ് രോഹിത് നടത്തിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രോഹിതിന് 31 റൺസ് മാത്രമേ നേടാനായുള്ളൂ. പിന്നീട് രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടി രോഹിത് കളിച്ചിരുന്നു. എന്നാൽ രഞ്ജിയിലും മോശം പ്രകടനമാണ് രോഹിത് നടത്തിയത്.
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിന് കീഴിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമോ എന്നതും കണ്ടുതന്നെ അറിയണം ഈ ടൂർണമെന്റിലും നിരാശജനകമായ പ്രകടനം തുടരുകയാണെങ്കിൽ രോഹിത്തിന്റെ ഏകദിനത്തിനൊപ്പമുള്ള ക്യാപ്‌റ്റൻസിയുടെ കാര്യത്തിലും മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."