ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനെ തെരഞ്ഞെടുത്ത് റൊണാൾഡോ
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനൊപ്പം അവിസ്മരണീയമായ ഒരു ഫുട്ബോൾ കരിയർ കെട്ടിപ്പടുത്തയർത്തിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ റയൽ മാഡ്രിഡിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് റൊണാൾഡോ. ലാ സെക്സ്റ്റയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.
'റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്. മാഡ്രിഡിൽ ഞാൻ മനോഹരമായ ഒരുപാട് കാര്യങ്ങൾ ചെയ്തു. ആളുകൾ അത് മറക്കുന്നില്ല. ഇത് എന്നെ സന്തോഷിപ്പിക്കുന്നു, റയലിൽ കളിക്കുമ്പോൾ മത്സരങ്ങളിൽ ഒരു അവസരമോ പെനാൽറ്റിയോ ഞാൻ നഷ്ടപ്പെടുത്തുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുമായിരുന്നു. എന്നിൽ തെറ്റുകൾ വരുത്താൻ ഞാൻ അനുവദിച്ചില്ല. ആ സമയങ്ങളിൽ അത്താഴം കഴിക്കാതെ ഞാൻ ഉറങ്ങാൻ പോകും. എന്തിനാണ് വലത്തോട്ടോ ഇടത്തോട്ടോ ഞാൻ ഷോട്ടിന് ശ്രമിക്കാത്തത് എന്ന് ചിന്തിച്ചുകൊണ്ട് എന്നോട് തന്നെ സംസാരിക്കും,' റൊണാൾഡോ പറഞ്ഞു.
2009 മുതൽ 2018 വരെയാണ് റൊണാൾഡോ റയലിനൊപ്പം കളിച്ചത്. ഈ കാലയളവിൽ റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോ സ്വയം അടയാളപ്പെടുത്തുകയായിരുന്നു. റയലിനായി 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകളും 131 അസിസ്റ്റുകളും ആണ് റൊണാൾഡോ നേടിയത്. 2018ലാണ് റൊണാൾഡോ റയൽ വിട്ട് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസിനൊപ്പം മൂന്ന് സീസണുകളിൽ പന്തുതട്ടിയ റൊണാൾഡോ 2021ൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും അവിടെ നിന്നും 2023ൽ അൽ നസറിലേക്കും പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."