പീഡന ശ്രമത്തനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: ദുരുദ്ദേശ്യത്തോടെയല്ല സമീപിച്ചതെന്ന് തെളിവെടുപ്പിനിടെ മുഖ്യപ്രതി
കോഴിക്കോട്: ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയും മുക്കത്തെ ഹോട്ടല്‍ ഉടമയുമായ ദേവദാസിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതി താമസിച്ചിരുന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. വീട്ടിലെ തെളിവെടുപ്പിനു ശേഷം യുവതി ജോലി ചെയ്തിരുന്ന ഹോട്ടലിലും ദേവദാസിനെ എത്തിച്ചു തെളിവെടുത്തു.
കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കബളിപ്പിക്കാന്‍ ദേവദാസ് കാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ചിരുന്നു. എറണാകുളത്തേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദേവദാസ് പിടിയിലാകുന്നത്.
അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ദേവദാസ് പൊലീസിനോട് പറഞ്ഞത്. ദുരുദ്ദേശ്യത്തോടെയല്ല പെണ്‍കുട്ടിയുടെ അടുത്തെത്തിയത്. യുവതിക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.
സംഭവത്തില്‍ കേരള വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തില്‍ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ ഇന്നലെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായിരുന്നു കുടുംബം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി പതിനൊന്നോടെ യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നല്‍കിയത്. പ്രതികളില്‍ നിന്ന് കുതറിമാറി പ്രാണ രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലില്‍ ജോലിക്ക് കയറിയിട്ട്. പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടല്‍ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. നട്ടെല്ലിനും ഇടുപ്പിനും പരുക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."