സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ
മലപ്പുറം: സംസ്ഥാനത്ത് വർധിച്ചുവരുന്ന സ്‌പോർട്‌സ് ടർഫുകളുടെ നിയന്ത്രണത്തിന് സർക്കാർ മാർഗ നിർദേശങ്ങൾ കൊണ്ടുവരുന്നു. ഗുണനിലവാരമില്ലാതെ നിർമിക്കുന്ന ടർഫുകൾ കളിക്കാർക്ക് പരുക്കുണ്ടാക്കുന്നതായും മറ്റും പരാതികൾ വന്നതോടെയാണ് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നത്.
സ്‌പോർട്‌സ് ടർഫുകൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിന് മാർഗരേഖകൾ തയാറാക്കുന്നതിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ വിശദമായ മാർഗരേഖകൾ തയാറാക്കി വരുകയാണ്. ഇതിനാവശ്യമായ നിയമ നിർമാണവും സർക്കാർ പരിഗണനയിലുണ്ട്.
ടർഫുകളിൽ നിന്നുള്ള തീവ്രശബ്ദം, അതിശക്തമായ പ്രകാശം, സമയക്രമമില്ലാത്ത 24 മണിക്കൂർ പ്രവർത്തനം തുടങ്ങിയവ പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരാതികളുണ്ട്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ തയാറാക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കുന്ന ടർഫുകൾക്കേ ഇനി തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകൂ.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഇതോടൊപ്പമാണ് സ്വകാര്യ മേഖലയിലെ ടർഫ് കളിക്കളങ്ങൾക്കും ഇതുവരെ അനുമതി നൽകിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."