യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി
ന്യൂയോര്‍ക്ക്: യു.എസ് ജനപ്രതിനിധിസഭാ മുന്‍ അംഗം തുള്‍സി ഗബാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുള്‍സി ഗബാര്‍ഡ് തന്റെ അതുല്യമായ കരിയറില്‍ നിര്‍ഭയത്വമാണു പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി.
നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായി ആയിരുന്ന തുള്‍സി നിലവില്‍ ട്രംപിനോട് ഏറ്റവും അടുത്തയാളാണ്. വിശ്വസ്തരെ പ്രധാന പദവികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പന്നരെ പോലും മറികടന്ന് തുള്‍സിയെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനം. ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ അവര്‍ 18 രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കും.
2020ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായി മത്സരിക്കാനൊരുങ്ങിയ തുള്‍സിക്ക് പിന്നീട് പിന്മാറേണ്ടിവന്നു. ഇതോടെ, 2022-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടതിനു ശേഷം അടുത്തിടെയാണ് അവര്‍ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നത്.
യു.എസ് പാര്‍ലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസികൂടിയായ തുള്‍സി ഗബാര്‍ഡ് ഭഗവദ്ഗീതയില്‍ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, ഫോക്‌സ് ന്യൂസ് അവതാരകന്‍ പീറ്റ് ഹെഗ്സെത് പ്രതിരോധ സെക്രട്ടറിയാക്കാനും ട്രംപ് തീരുമാനിച്ചു. മാറ്റ് ഗെയ്റ്റ്‌സിനെ അറ്റോര്‍ണി ജനറലായും ഇസ്രയേലിലേക്കുള്ള അംബാസഡറായി അര്‍കെന്‍സ മുന്‍ ഗവര്‍ണര്‍ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവന്‍ വിറ്റ്‌കോഫ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) മേധാവിയായി ജോണ്‍ റാറ്റ്ക്ലിഫ്, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോം എന്നിവരെയും നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."