കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി. പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഒരു മാസം തികയുന്ന ദിവസമാണ് തെരഞ്ഞെടുപ്പും.
ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമതി ചെയര്‍പേഴ്‌സണ്‍ കെ രത്നകുമാരിയാണ് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയാണ് മത്സരിക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.
അതേസമയം, തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ വിലക്കി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍. തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തിവിടാതെ വിലക്കിയിരിക്കുന്നത്. പഞ്ചായത്തിന് പുറത്ത് ശക്തമായ പൊലിസ് കാവലുമുണ്ട്.
പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 14ന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പിപി ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തില്‍ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."