ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ
കണ്ണൂർ: പുസ്‌തക വിവാദത്തിൽ ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ. താൻ അറിയാത്ത കാര്യങ്ങളാണ് ഇന്ന് പുറത്തുവന്നതെന്നു വ്യക്തമാക്കിയ ഇ.പി ജയരാജൻ ഡിസി പുറത്തുവിട്ട എല്ലാ പോസ്റ്റുകളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്നു രാവിലെയാണ് 'കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം' എന്ന പേരിൽ ഇ.പി ജയരാജൻ്റെ ആത്മകഥ എന്ന പേരിൽ പുസ്‌തകത്തിൻ്റെ കവർപേജും ഉള്ളടക്കവും പുറത്തുവന്നത്. സിപിഎമ്മിനും പിണറായി വിജയൻ സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളാണു പുസ്‌തകത്തിൽ നടത്തിയിരുന്നത്.
വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു വിവാദം ആളി പടരുന്നത്. മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതോടെ പുസ്‌തകം തൻ്റേതല്ലെന്നു വ്യക്തമാക്കി ജയരാജൻ രംഗത്തെത്തുകയായിരുന്നു. താൻ അറിയാത്ത കാര്യങ്ങളാണ് തൻ്റെ ആത്മകഥ എന്ന പേരിൽ പുറത്തുവന്നതെന്നും ഡിസിയെ പുസ്‌തകം പ്രസിദ്ധീകരിക്കാനുള്ള ചുമതല ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ വിവാദങ്ങളിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."