പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും
കണ്ണൂര്‍: പാര്‍ട്ടിയെ വെട്ടിലാക്കിയ ആത്മകഥാ വിവാദത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനോട് സി.പി.എം വിശദീകരണം തേടിയേക്കും. ഇ.പി നേരത്തെ നല്‍കിയ വിശദീകരണം മുഖവിലക്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം വിഷയം പാര്‍ട്ടി പരിശോധിക്കുമെന്നാണ് സൂചന. പുസ്തകത്തില്‍ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്.
ആത്മകഥയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പുറത്തു വിട്ടതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് ഇ.പി പറയുന്നത്. തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിച്ച് തന്നെയും പാര്‍ട്ടിയെയും നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിലെന്ന് പറയുന്ന ഇ.പി പാര്‍ട്ടിക്കുള്ളില്‍ നിന്നാണോ ഗൂഢാലോചനയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതും അന്വേഷിക്കണമെന്നായിരുന്നു നല്‍കിയ മറുപടി. എന്തുകൊണ്ടാണ് എല്ലാ വിവാദങ്ങളുടെ അറ്റത്തും ഇ.പിയുടെ പേര് വരുന്നതെന്ന ചോദ്യത്തിന് മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്നുമായിരുന്നു മറുപടി. ഞാന്‍ എഴുതി എന്ന് പറയപ്പെടുന്ന പുസ്തകം താന്‍ കണ്ടിട്ടുപോലുമില്ല. തന്നെ പരിഹസിക്കുന്ന കാര്യങ്ങള്‍ താന്‍ തന്നെ തലക്കെട്ടായി ഒരിക്കലും കൊടുക്കില്ല. ഇ.എം.എസിന്റെ കൂടെയുള്ള തന്റെ ഫോട്ടോ പലരുടെയും കയ്യിലുണ്ട് അത് ആരെങ്കിലും കവര്‍ ചിത്രത്തിന് ഉപയോഗിച്ചതാവാം. പുസ്തകത്തിന് ഒരു പേരും താന്‍ നിര്‍ദേശിച്ചിട്ടില്ല. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് നടന്നത്. അടിയുറച്ച കമ്യൂണിസ്റ്റുകാരനായിട്ടും എന്തുകൊണ്ട് ചിന്താ ബുക്സിനെ സമീപിച്ചില്ല എന്ന ചോദ്യത്തിന് ചിന്ത ബുക്സ് തന്നെ സമീപിച്ചില്ല എന്നായിരുന്നു ഇ.പിയുടെ മറുപടി. താന്‍ കണ്‍വീനറല്ല എന്നത് ശരിയാണ് പക്ഷെ തന്നെ പാര്‍ട്ടി മാറ്റിയതല്ല. താന്‍ സ്വയം ഒഴിവായതാണ് ഒരു വിവാദവും പാര്‍ട്ടികകത്തുണ്ടായിട്ടില്ലെന്നും ഇ.പി പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ വന്നയുടന്‍ ഇ.പി ഇതെല്ലാം നിഷേധിച്ച് രംഗത്ത് വന്ന് പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ഇ.പി ഇന്നലെ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചതെങ്കിലും ചൊവ്വാഴ്ച രാത്രി ആത്മകഥ പ്രസാധകരായ ഡി.സി ബുക്സ് പല അപ്രിയ സത്യങ്ങളുടെയും തുറന്ന് പറച്ചിലുമായി ഇ.പി ജയരാജന്റെ ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന കുറിപ്പോടെ പുസ്തകത്തിന്റെ കവര്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുകയും ഇ.പിക്ക് ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്തൊന്നും ഇ.പി യാതൊരു പ്രതികരണത്തിനും മുതിര്‍ന്നിട്ടില്ല. ഇന്നലെ രാവിലെ വാര്‍ത്തകള്‍ വന്നതോടെയാണ് ഇ.പി ഇതൊന്നും എനിക്കറിയില്ല, ഈ ആത്മകഥ എന്റേതല്ലന്ന മട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പുസ്‌കത്തിന്റെ പ്രസാധനം നീട്ടിവെക്കുന്നുവെന്നും ഉള്ളടക്കത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ വ്യക്തമാകുമെന്നും ഡി.സി ബുക്സ് തങ്ങളുടെ ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. കട്ടന്‍ ചായയും പരിപ്പുവടയും എന്ന ഇ.പി ജയരാജന്റെ ആത്മകഥയുടെ വില്‍പന ഇന്നലെ ആരംഭിക്കണമെന്ന് കാണിച്ച് വിതരണ ശാലകള്‍ക്ക് ഡിസി ബുക്സ് നേരത്തെ വിവരം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."