'മകന്റെ വിളിയോട് പ്രതികരിച്ചു, കൈകാലുകള്‍ അനക്കി'; ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. കാലത്ത് ഏഴ് മണിയോടെ ഉമാ തോമസ് കണ്ണ് തുറന്നെന്നും ഡോക്ടര്‍മാരും മകനും സംസാരിക്കുന്നതിനോട് പ്രതികരിച്ചെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.
കാലുകള്‍ അനക്കിയും, ചിരിച്ചുകൊണ്ട് മകന്റെ കൈകള്‍ പിടിച്ചതുമെല്ലാം എം.എല്‍.എയുടെ ആരോഗ്യസ്ഥിതിയില്‍ ആശാവഹമായ പുരോഗതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ട്യൂബിട്ടതിനാല്‍ സംസാരിക്കാന്‍ കഴിയില്ല. തലച്ചോറിലെ ക്ഷതങ്ങളില്‍ പുരോഗതിയുണ്ട്. എന്നാല്‍ ശ്വാസകോശത്തിലെ പരുക്കാണ് വെല്ലുവിളി. എക്‌സറേയിലും നേരിയ പുരോഗതിയുണ്ട്. വാരിയെല്ല് പൊട്ടിയതിനാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം ഇനിയും പൂര്‍ണമായി മാറ്റാനായിട്ടില്ല. അത് ആന്റിബയോട്ടിക്കിലൂടെ മാറ്റണം. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ എന്നും ഡോക്ടര്‍ വ്യക്തമാക്കി.
കലൂരില്‍ നടന്ന നൃത്തപരിപാടിക്കിടെ ഗ്യാലറിയിയില്‍ നിന്നായിരുന്നു ഉമ തോമസ് വീണത്. 10 അടിയോളം ഉയരം വരുന്ന വിഐപി പവലിയനില്‍ നിന്നാണ് ഉമ തോമസ് വീണത്. സ്റ്റേഡിയത്തില്‍ കാര്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ല. റിബണ്‍ കെട്ടിയായിരുന്നു സ്റ്റേജില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. ഗ്യാലറിയിലെ കസേരകള്‍ മാറ്റിസ്ഥാപിച്ചായിരുന്നു താത്ക്കാലികമായി സ്റ്റേജ് നിര്‍മ്മിച്ചിരുന്നത്.
പരിപാടി നടത്തിയ സംഘാടകര്‍ക്കെതിരെ പൊലിസ് കേസ് എടുത്തിട്ടുള്ളത്. പരിപാടിക്കുള്ള സ്റ്റേജ് നിര്‍മിച്ചവര്‍ക്കെതിരെയും കേസ് ഉണ്ടാവും. അപകടത്തില്‍ സുരക്ഷാ വീഴ്ച നടന്നുവെന്നാണ് എഫ്‌ഐആര്‍. സ്റ്റേജില്‍ കൃത്യമായ കൈവരികള്‍ സ്ഥാപിച്ചിട്ടില്ലെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."