ആരാധനാലയ സംരക്ഷണ നിയമം: കോണ്‍ഗ്രസും എസ്.പിയും സുപ്രിം കോടതിയിലേക്ക്
ന്യൂഡല്‍ഹി: ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജിയില്‍ മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും എസ്.പിയും കക്ഷിചേരും. കുറ്റമറ്റ ആരാധനാലയനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രണ്ടുകക്ഷികളും സുപ്രിംകോടതിയില്‍ ഹരജിനല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് രാമക്ഷേത്രം ഉയര്‍ന്നതിന് പിന്നാലെ മറ്റ് ആരാധനാലയങ്ങള്‍ക്ക് മേല്‍ ഓരോന്നായി അവകാശവാദം ഉന്നയിച്ച് തീവ്രഹിന്ദുത്വവാദികള്‍ രംഗത്തുവന്നുകൊണ്ടിരിക്കെ ഇന്‍ഡ്യാ മുന്നണി സംയുക്തമായി ഹരജി കൊടുക്കാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതിലെ തടസ്സംമൂലമാണ് കോണ്‍ഗ്രസും എസ്.പിയും സ്വന്തംനിലക്ക് സുപ്രിംകോടതിയെ സമീപിക്കുന്നത്.
ആരാധനാലയങ്ങളുടെ ഘടന മാറ്റുന്നത് തടയുന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഒരുകൂട്ടം ഹരജികള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് മുമ്പാകെയുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഗ്യാന്‍വാപി പള്ളി പരിപാലിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി, സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, എന്‍.സി.പി ശരത് പവാര്‍ വിഭാഗം എം.എല്‍.എ ജിതേന്ദ്ര അവഥ്, ആര്‍.ജെ.ഡി എം.പി മനോജ് ഝാ, ഡി.എം.കെ, തമിഴ്‌നാട്ടില്‍നിന്നുള്ള എം.പി തോല്‍ തിരുമാവളവന്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവര്‍ കേസില്‍ കക്ഷികളാണ്. എല്ലാ ഹരജികളും ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്.
കേസില്‍ അടുത്തമാസം 17നാണ് ഇനി വാദംകേള്‍ക്കുക. ഹരജിയുടെ പശ്ചാത്തലത്തില്‍ ആരാധനാലയതര്‍ക്കത്തില്‍ തീരുമാനം എടുക്കുന്നതില്‍നിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി വിലക്കിയിട്ടുണ്ട്.
The Congress and Samajwadi Party have approached the Supreme Court, challenging the Places of Worship Act, which aims to maintain the religious character of places of worship as it was in 1947
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."