'മിനി പാകിസ്താന്‍ പരാമര്‍ശം'; സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള ഭൂപ്രദേശത്തെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്- മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നത്. തങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവല്‍ക്കരിച്ചും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. അതിനെ പിന്‍പറ്റിയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം മിനി പാകിസ്താനായത് കൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും വയനാട്ടില്‍ നിന്ന് ജയിച്ചത് എന്നായിരുന്നു മഹാരാഷ്ട്രയില്‍ ഫഡ്നാവിസ് സര്‍ക്കാരിലെ തുറമുഖ വികസന വകുപ്പ് മന്ത്രിയും, ബി.ജെ.പി നേതാവുമായ നിതേഷ് റാണെയുടെ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."