മെസി, റൊണാൾഡോ, എംബാപ്പെ എല്ലാവരെയും കടത്തിവെട്ടി; ചരിത്രമെഴുതി സൂപ്പർതാരം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആഴ്സണൽ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. പീരങ്കിപ്പടയുടെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെയാണ് ആഴ്‌സണൽ പന്തുതട്ടിയത്.
മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏക ഗോൾ നേടിയത് സൂപ്പർതാരം ഏർലിങ് ഹാലണ്ട് ആയിരുന്നു. മത്സരം പരാജയപ്പെട്ടെങ്കിലും ഈ ഗോളിന് പിന്നാലെ തന്റെ ഫുട്ബോൾ കരിയറിൽ ഒരു പുതിയ നാഴികക്കല്ലും ഹാലണ്ട് സ്വന്തമാക്കി. ക്ലബ്ബ് തലത്തിൽ 250 ഗോളുകൾ പൂർത്തിയാക്കാനാണ് ഹാലണ്ടിനു സാധിച്ചത്. ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏറ്റവും വേഗത്തിൽ 250 ഗോളുകൾ നേടുന്ന താരമായാണ് ഹാലണ്ട് മാറിയത്. 311 മത്സരങ്ങളിൽ നിന്നാണ് നോർവിജിയൻ സൂപ്പർ താരം ഈ നേട്ടം സ്വന്തമാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, കിലിയൻ എംബാപ്പെ എന്നീ താരങ്ങളെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചു കൊണ്ടാണ് ഹാലണ്ട് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. മെസി 327 മത്സരങ്ങളിൽ നിന്നുമാണ് 250 ക്ലബ്ബ് ഗോളുകൾ നേടിയത്. എംബാപ്പെ 332 മത്സരങ്ങളാണ് ഈ നേട്ടത്തിലേക്ക് എത്താൻ എടുത്തത്. റൊണാൾഡോ 451 മത്സരങ്ങളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കി.
അതേസമയം മത്സരത്തിൽ ആഴ്സണലിന് വേണ്ടി മാർട്ടിൻ ഒഡ്ഗാർഡ്(2), തോമസ് പാർട്ടിലി(56), മൈൽസ് ലൂയിസ് സ്കെല്ലി(62), കൈ ഹാവേർട്സ്(16). നഥാൻ എൻവനേരി(90+3) എന്നിവരാണ് ഗോളുകൾ നേടിയത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആഴ്‌സണൽ ഉള്ളത്. 24 മത്സരങ്ങളിൽ നിന്നും 14 വിജയവും 8 സമനിലയും 2 തോൽവിയുമായി 50 പോയിന്റ് ആണ് പീരങ്കിപ്പടയുടെ കൈവശമുള്ളത്. മറുഭാഗത്ത് 24 മത്സരങ്ങളിൽ നിന്നും 12 ജയവും 5 സമനിലയും 7 തോൽവിയും അടക്കം 41 പോയിന്റ് നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."