ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം; കര്‍മപദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭ, സ്പോണ്‍സര്‍മാരുമായും ചര്‍ച്ച നടത്തും
തിരുവനന്തപുരം: അതിതീവ്ര പ്രകൃതി ദുരന്ത പ്രഖ്യാപനം മാത്രംനടത്തി കേന്ദ്രം കൈയൊഴിഞ്ഞതോടെ വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇനിയും കേന്ദ്രത്തിന്റെ സഹായത്തിനായി കാത്തു നില്‍ക്കണ്ട എന്നാണ് തീരുമാനം. വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കും.
കേന്ദ്ര പ്രഖ്യാപനം പിടിവള്ളിയാക്കി പുറത്തുനിന്ന് പണം കണ്ടെത്താനുള്ള വഴികള്‍ ഇന്നു മുതല്‍ ആരംഭിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജന്‍ഡ വയനാട് പുനരധിവാസമാണ്. ഫെബ്രുവരിയോടെ ടൗണ്‍ഷിപ് നിര്‍മാണം തുടങ്ങാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സ്‌പോണ്‍സര്‍മാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്ന് നടക്കും. ആദ്യഘട്ടത്തില്‍ ഒന്‍പതു പേരെ കാണും. കര്‍ണാടക സര്‍ക്കാരും രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും പങ്കെടുക്കും. മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രതിനിധികളെയും ഇന്നു കാണും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ടി.സിദ്ദിഖ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.
നിലവില്‍ 38 പേരാണ് ഭൂമിയോ വീടോ വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടുതല്‍ സംഘടനകള്‍ സ്‌പോണ്‍സര്‍ഷിപ്പിനു സന്നദ്ധമായാല്‍ അവരെയും പുനരധിവാസ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയേക്കും. വിദേശ വ്യവസായികളുടെയും യു.എന്‍ സ്ഥാപനങ്ങളുടെയും എന്‍.ജി.ഒകളുെടയും സഹായം തേടുകയും വിദേശ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് സ്വരൂപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിനു പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റിനെ (പി.എം.യു) ചുമതലപ്പെടുത്തും. സര്‍ക്കാര്‍ ഫണ്ടും വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായ വാഗ്ദാനങ്ങളും സംയോജിപ്പിച്ചാണു പുനരധിവാസ പദ്ധതി നടപ്പാക്കുക. അപകടസാധ്യതയുള്ളതിനാല്‍ മാറ്റിപാര്‍പ്പിക്കേണ്ടവരുടെ പട്ടിക രണ്ടാംഘട്ടമായി ഉടന്‍ പ്രസിദ്ധീകരിക്കും. രണ്ടുഘട്ടമായാണു പുനരധിവാസമെങ്കിലും പൂര്‍ണമായ കര്‍മപദ്ധതിയാകും തയാറാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."