അവസാനംവരെ കട്ടക്കു നിന്നെങ്കിലും ഒടുവില്‍ കേരളത്തിന് അടിപതറി; മറ്റൊരു ടീമിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ ബംഗാള്‍
ഹൈദരാബാദ്: 2024 സന്തോഷ് ട്രോഫി കിരീടം വീണ്ടും പശ്ചിമ ബംഗാളിന്റെ മണ്ണില്‍ എത്തിയിരിക്കുകയാണ്. ഹൈദരാബാദിന്റെ മണ്ണില്‍ കേരളത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് വീണ്ടും ബംഗാള്‍ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിയത്. തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ 33ാം സന്തോഷ് ട്രോഫി കിരീടമാണ് ഹൈദരാബാദിന്റെ മണ്ണില്‍ നിന്നും ബംഗാള്‍ നേടിയെടുത്തത്. 2017ലായിരുന്നു പശ്ചിമബംഗാള്‍ അവസാനമായി സന്തോഷ് ട്രോഫി നേടിയിരുന്നത്. ഇപ്പോള്‍ വീണ്ടും നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാള്‍ സന്തോഷ് ട്രോഫിയുടെ രാജാക്കന്മാരായി മാറിയിരിക്കുകയാണ്. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമിനും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തിലാണ് ഇപ്പോള്‍ ബംഗാള്‍ ഉള്ളത്.
ടൂര്‍ണമെന്റില്‍ ഒറ്റ മത്സരത്തില്‍ പോലും പരാജയം അറിയാതെയാണ് ബംഗാള്‍ കിരീടത്തില്‍ മുത്തമിട്ടത്. സെമിഫൈനലില്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ സര്‍വീസസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ബംഗാള്‍ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനല്‍ മത്സരത്തിലും ഇതേ പോരാട്ടവീര്യം തന്നെ ബംഗാള്‍ പുറത്തെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇതുവരെ നടത്തിയ പ്രകടനം തുടരാന്‍ ഇന്നലെ കേരളത്തിന് കഴിഞ്ഞില്ല. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ കേരളം പക്ഷേ ഇന്നലെ കളിമറന്നു.
ബംഗാളിനെ പോലെതന്നെ ടൂര്‍ണമെന്റില്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ ആയിരുന്നു കേരളം കലാശ പോരാട്ടത്തിന് യോഗ്യത നേടിയിരുന്നത്. അതുകൊണ്ടുതന്നെ തുല്യശക്തികള്‍ ഏറ്റുമുട്ടിയ വാശിയേറിയ പോരാട്ടത്തിന് തന്നെയായിരുന്നു ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ട് ടീമുകളുടെ ഭാഗത്തുനിന്നും മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇഞ്ചുറി ടൈമില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ബംഗാളിന്റെ വിജയഗോള്‍ പിറക്കുകയായിരുന്നു. റോബി ഹന്‍ഷദയാണ് കേരളത്തിന്റെ വലയില്‍ പന്തെത്തിച്ചു കൊണ്ട് വീണ്ടും സന്തോഷ് ട്രോഫി കിരീടം ബംഗാളിന്റെ തട്ടകത്തില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."