കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകം; പെരിയ കേസിന്റെ നാള്‍വഴികളിലൂടെ..
കാഞ്ഞങ്ങാട്: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷാവിധി പ്രസ്താവിച്ചിരിക്കുന്നത് ആറുവര്‍ഷത്തോളം നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ്. സി.പി.എം കൊലയാളിസംഘം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകത്തില്‍ കാസര്‍കോട് പെരിയ കല്യോട്ട് ഗ്രാമത്തിന് നഷ്ടമായത് എന്തിനും ഏതിനും മുന്‍പന്തിയിലുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെയാണ്.
ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ത്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികള്‍ രാഷ്ട്രീയവൈരാഗ്യം മൂലമാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി, കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന് പുറമെ ഡി.വൈ.എഫ്.ഐ നേതാവ് കെ. മണികണ്ഠന്‍, പാക്കം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരും പ്രതികളാണ്. ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി. ഇവര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
2019 ഫെബ്രുവരി 17 (വൈകിട്ട് 7.35): കല്യോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിനുള്ള സ്വാഗതസംഘം രൂപീകരണയോഗത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലും കൃപേഷും മോട്ടോര്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുന്നു.
ഫെബ്രു. 18: രാഷ്ട്രീയ കൊലപാതകമെന്ന് പൊലിസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്
ഫെബ്രു. 19: കൊല ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനെ അറസ്റ്റ് ചെയ്തു. ഇയാളെ പാര്‍ട്ടി പുറത്താക്കി. അന്ന് തന്നെ കൊലയാളി സംഘമെത്തിയ വാഹനത്തിന്റെ ഉടമ സജി ജോര്‍ജ് അറസ്റ്റിലാകുന്നു.
ഫെബ്രു. 21: കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം ശക്തമായി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നു. എസ്.പി വി.എം മുഹമ്മദ് റഫീഖിന് അന്വേഷണച്ചുമതല.
മാര്‍ച്ച് 2: അന്വേഷണസംഘ തലവനായ എസ്.പി മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ സംഘത്തിലെ ഡിവൈ.എസ്.പിക്കും സി.ഐമാര്‍ക്കും മാറ്റം.
മാര്‍ച്ച് 14: കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
മാര്‍ച്ച് 16: കേസില്‍ കല്യോട്ട് സ്വദേശി രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 1: അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍.
മെയ് 14: പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനും അറസ്റ്റിലായി.
മെയ് 16: വിദേശത്ത് ഒളിവിലായിരുന്ന പ്രതി സുബീഷിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പൊലിസ് അറസ്റ്റു ചെയ്തു.
മെയ് 20: പെരിയ കേസില്‍ ക്രൈംബ്രാഞ്ച് കാഞ്ഞങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 14 പേരാണ് പ്രതികള്‍.
സെപ്റ്റംബര്‍ 30: കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഫലപ്രദമായി അന്വേഷിച്ചില്ലെന്ന കാരണത്താല്‍ പൊലിസിന്റെ കുറ്റപത്രം കോടതി റദ്ദാക്കി.
ഒക്ടോബര്‍ 26: അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.
ഒക്ടോബര്‍ 29: 13 പ്രതികളെ ഉള്‍പ്പെടുത്തി സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.
2020 മാര്‍ച്ച് 2: കേസ് ഡയറി അടക്കമുള്ള നിര്‍ണായക രേഖകള്‍ സി.ബി.ഐക്ക് കൈമാറിയില്ലെന്നും ക്രൈംബ്രാഞ്ച് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഓഗസ്റ്റ് 19: അന്വേഷണം തുടരാനാകുന്നില്ലെന്ന് ഹൈക്കോടതിയില്‍ സി.ബി.ഐ.
ഓഗസ്റ്റ് 24: സി.ബി.ഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വിധി വൈകുന്നതിനാല്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ കോടതിയെ സമീപിച്ചു.
ഓഗസ്റ്റ് 25: സി.ബി.ഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.
ഡിസംബര്‍ 1: സി.ബി.ഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി.
ഡിസംബര്‍ 15: സി.ബി.ഐ അന്വേഷണം തുടങ്ങി.
2021 ഡിസംബര്‍ 1: ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 2: മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ സി.ബി.ഐ പ്രതിചേര്‍ത്തു.
ഡിസംബര്‍ 3: എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് കണ്ടെത്തിയ 14 പ്രതികളും സി.ബി.ഐ കേസ് ഏറ്റെടുത്തതിനുശേഷം കണ്ടത്തിയ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ള പ്രതികളുമടക്കം കേസില്‍ 24 പ്രതികള്‍. 327 സാക്ഷികള്‍.
2023 ഫെബ്രുവരി 2: എറണാകുളം സി.ബി.ഐ കോടതിയില്‍ വിചാരണ തുടങ്ങി.
2024 ഡിസംബര്‍ 23: കേസിന്റെ വിചാരണ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ പൂര്‍ത്തിയായി.
ഡിസംബര്‍ 28: കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി. 10 പേരെ വെറുതെവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."