ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്
കോഴിക്കോട്: ക്ലാസ് എടുക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചെന്ന് ആരോപിച്ച് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മേപ്പയൂർ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപകന്‍ കെ സി അനീഷിനെയാണ് അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ക്ലാസ് മുറിയില്‍ വച്ച് വിദ്യാർഥിയെ മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ തോളെല്ലിന് പരുക്കുണ്ടെന്നും ചികിത്സയിലാണെന്നും രക്ഷിതാവും പ്രധാന അധ്യാപകനും അറിയിച്ചിരുന്നു. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലും അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യുന്നതെന്ന് ഡിഡിഇ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ക്ലാസ് നടക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിനാണ് കുട്ടിയെ അടിച്ചതെന്ന് പിതാവ് പറഞ്ഞു. കൈകൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് സഹപാഠികളാണ് വിവരം ക്ലാസ് അധ്യാപികയെ ഉൾപ്പെടെയുള്ളവരെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."