UNION BUDGET 2025- ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; എല്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്റര്‍
കാന്‍സര്‍ ചികിത്സയ്ക്കുള്‍പ്പടെ ഉപയോഗിക്കുന്ന ജീവന്‍രക്ഷാമരുന്നുകള്‍ക്ക് വില കുറയുമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. 36തരം ജീവന്‍രക്ഷാമരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇതില്‍ കാന്‍സര്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നതും മറ്റ് അപൂര്‍വരോഗങ്ങള്‍ക്കുള്ളതുമായ മരുന്നുകള്‍ ഉള്‍പ്പെടും. ആറ് തരം ജീവന്‍രക്ഷാമരുന്നുകള്‍ക്ക് കസ്റ്റംസ്ഡ്യൂട്ടി അഞ്ചുശതമാനമാക്കി കുറച്ചു.
കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ ആരംഭിക്കും. 2025-26 വര്‍ഷത്തില്‍ തന്നെ 200 സെന്ററുകള്‍ തുടങ്ങുമെന്നും മൂന്ന് വര്‍ഷം കൊണ്ട് ഇവ പൂര്‍ത്തിയാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
കാന്‍സര്‍ ബാധിതര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് ഡേ കെയര്‍ സെന്ററുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സക്ഷം അംഗന്‍വാടി പോഷണ്‍ 2.0 പദ്ധതിയിലൂടെ എട്ടുകോടി കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള ഒരുകോടി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 20 ലക്ഷം കൗമാരക്കാര്‍ക്കും പോഷകാഹാരം ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."