രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍; ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: 2025ലെ കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അനുവദിച്ചുവെന്നതാണ് ബജറ്റില്‍ പൊതുവെ കാണുന്നത്. എല്ലാവരോടും തുല്യസമീപനമല്ല ഉണ്ടായത്. ബജറ്റില്‍ കേരളത്തിന് നല്ല പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മുണ്ടക്കൈ, ചൂരല്‍മല സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെ ഒരു കാര്യത്തെപറ്റിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 2 ദശാബ്ദത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന പദ്ധതിയാണു വിഴിഞ്ഞം തുറമുഖം. എന്നാല്‍ അതിനെപ്പറ്റി ഒരു പരാമര്‍ശവും ബജറ്റിലില്ല. പണവും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഒരു സ്ഥാപനവും കേരളത്തില്‍ അനുവദിച്ചില്ല. കേരളത്തോടുള്ള ബജറ്റ് സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനവിഹിതമായ 73000 കോടി രൂപ നമുക്ക് കിട്ടേണ്ടതാണ്. എന്നാല്‍ എല്ലാം കൂടി കിട്ടിയത് 32000 കോടി രൂപയാണ്. ഇത്തവണത്തെ കണക്കനുസരിച്ച് 14000 കോടിയിലധികം കഴിഞ്ഞ തവണത്തെക്കാള്‍ അധികം ലഭിക്കേണ്ടതാണ്. എന്നാല്‍ 4000 കോടി പോലും കിട്ടുമെന്നു കരുതാനാവില്ല.
സുസ്ഥിരവികസനത്തെയും മാലിന്യ നിര്‍മാര്‍ജനത്തെയും ഭൂവിനിയോഗത്തെയും സംബന്ധിച്ച കണക്കുകളെല്ലാം കേരളത്തിനനുകൂലമാണ്. രാജ്യത്താകെയുള്ള സാമ്പത്തികവളര്‍ച്ച നോക്കുമ്പോള്‍ ആ ശതമാനത്തേക്കാളും മെച്ചപ്പെട്ടതാണ് കേരളത്തിനുണ്ടായ വളര്‍ച്ചയെന്ന് കാണാം. കേരളം നേരത്തെ നടപ്പിലാക്കിയ പല പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇതിലെ പ്രശ്നം ഈ പദ്ധതികള്‍ക്കായി കേന്ദ്രം പണമനുവദിക്കും. ഇത് കേരളത്തിന് ആവശ്യമില്ല. അടുത്ത ഘട്ട വികസനത്തിനായി പണം കേരളത്തിന് ലഭിക്കുന്നില്ല.'
ആകാശത്ത് നിന്ന് നോട്ടെടുക്കാന്‍ കഴിയില്ലല്ലോ. തരേണ്ടത് തന്നേ പറ്റൂ. കിട്ടേണ്ട പണം വലിയതോതില്‍ വെട്ടിക്കുറച്ചിട്ടും കേരളം പല കാര്യങ്ങളിലും മുന്നിലാണ് എന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."