ഒരു മാറ്റവുമില്ല, സഞ്ജു വീണ്ടും അതേപോലെ തന്നെ ചെയ്തു: മുൻ ഇന്ത്യൻ താരം
പൂനെ: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യിലും മലയാളി സൂപ്പർതാരം സഞ്ജു സാംസണിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. മത്സരത്തിൽ ഒരു റൺസ് മാത്രം നേടിയാണ് സഞ്ജു പുറത്തായത്. ഇപ്പോൾ മത്സരത്തിൽ സഞ്ജു പുറത്തായ രീതിയെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാല് മത്സരങ്ങളിലും സഞ്ജു സമാനമായ രീതിയിലാണ് പുറത്തായതെന്നാണ് ചോപ്ര പറഞ്ഞത്.
'മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മത്സരത്തിൽ സഞ്ജു സാംസൺ വീണ്ടും അതേ രീതിയിൽ തന്നെ പുറത്തായി. സഞ്ജുവിൻ്റെ ആരാധകരെ ട്രിഗർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും അദ്ദേഹം നാലാം തവണയും സമാനമായി പുറത്താക്കപ്പെട്ടു എന്നതാണ് വസ്തുത. സഞ്ജു ഇത്തവണ സാഖിബ് മഹ്മൂദിൻ്റെ ബൗളിലാണ് പുറത്തായത്. ഷോർട്ട് ബോളിൽ അവൻ അതേ രീതിയിൽ തന്നെ അവൻ കളിച്ചു. ഡീപ്പിൽ ഒരു ഫീൽഡറുടെ കൈകളിൽ അവൻ പന്തെത്തിച്ചു. ജോഫ്ര ആർച്ചറിനെതിരെ മൂന്ന് തവണയും സാഖിബിനെതിരെ ഒരു തവണയും അവൻ പുറത്തായി,' ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
മത്സരത്തിൽ രണ്ടാം ഓവറിൽ സാകിബ് മെഹ്മൂദിന്റെ ഷോർട്ട് ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ച് സ്‌ക്വയർ ലെഗിൽ ജോഫ്ര ആർച്ചർക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. സഞ്ജു കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയിൽ തന്നെയാണ് പുറത്തായത്. എന്നാൽ മത്സരത്തിൽ 15 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് 19.4 ഓവറിൽ 166 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഒരു മത്സരം ബാക്കിനിൽക്കെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."