യു.എസ് വിമാനാപകടം: അപകടകാരണം ഒബാമയുടേയും ബൈഡന്റേയും പിഴവെന്ന് ട്രംപ്, 40ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തു
അർലിങ്ടൺ (യു.എസ്): വാഷിങ്ടണിന് സമീപം റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിലിറങ്ങവെ യാത്രാവിമാനവും സൈനിക കോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40ലേറെ പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടിരുന്നു. 64 യാത്രക്കാരും മൂന്ന് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അതിനിടെ, അപകടത്തിന് കാരണം ബൈഡൻ, ഒബാമ ഭരണകൂടങ്ങളുടെ പിഴവാണെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. മുൻ സർക്കാരിന്റെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്.
കൊളംബിയയിൽ വാഷിങ്ടൺ റൊണാൾഡ് റീഗൺ നാഷനൽ എയർപോർട്ടിനു സമീപമാണ് അപകടമുണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9ന് വിമാനത്താവളത്തിലേക്ക് വരികയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ 5342ാം നമ്പർ വിമാനം സികോർക്‌സി ബ്ലാക് സൈനിക ഹെലികോപ്ടറിൽ ഇടിക്കുകയായിരുന്നു. ലാന്റ് ചെയ്യാൻ ശ്രമിക്കുന്ന യു.എസ് സൈനിക ഹെലികോപ്ടറുമായാണ് അമേരിക്കൻ എയർലൈൻസിന്റെ വിമാനം കൂട്ടിയിടിച്ചത്. റൺവേ 33 ൽ വിമാനം ഇറക്കാൻ എയർട്രാഫിക് കൺട്രോൾ (എ.ടി.സി) അനുമതി നൽകിയിരുന്നു.
കൂട്ടിയിടിക്ക് 30 സെക്കന്റ് മുൻപാണ് സൈനിക ഹെലികോപ്ടറിനോട് വിമാനത്തെ കാണുന്നുണ്ടോയെന്ന നിർദേശം എയർട്രാഫിക് കൺട്രോൾ നൽകിയത്. വിമാനത്തിന് പിന്നിലാണ് കോപ്ടർ സഞ്ചരിച്ചിരുന്നതെന്ന് എ.ടി.സി പറഞ്ഞു. കൂട്ടിയിടിക്കുമ്പോൾ എ.ടി.സി ക്രാഷ് എന്നു പറയുന്നുണ്ടായിരുന്നു.
കൻസാസിലെ വിചിതയിൽനിന്ന് വാഷിങ്ടണിലേക്ക് വരികയായിരുന്നു വിമാനം. യു.എസ് സൈന്യത്തിന്റെ ഹെലികോപ്ടർ പരീക്ഷണ പറക്കൽ നടത്തുന്നതിനിടെയാണ് വിമാനത്തിലിടിച്ചത്. വിർജിനിയയിലെ ഫോർട് ബെൽവോയിറിലെ മൂന്നു സൈനികരും കോപ്ടറിലുണ്ടായിരുന്നു.
തണുത്തുറഞ്ഞ നിലയിലുള്ള പോടോമാക് നദിയിലാണ് കോപ്ടറും വിമാനവും വീണത്. കൊടുംതണുപ്പിൽ ആരും ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് വാഷിങ്ടൺ ഡി.സി അഗ്നി രക്ഷാ സേനാ മേധാവി ജോൺ ഡൊണെല്ലി പറഞ്ഞു. തെരച്ചിൽ ദൗത്യം അതീവ ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ലോക സ്‌കേറ്റിങ് ചാംമ്പ്യൻമാരായ എവ്ജീനിയ ഷിസ്‌കോവ, വാദിം നൗമോവ് എന്നിവരും ഉൾപ്പെട്ടതായും അനുശോചനം അറിയിക്കുന്നുവെന്നും റഷ്യൻ പ്രസിഡന്റിന്റെ ഓഫ്‌സ് ക്രെംലിൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."