പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. നരഭോജി കടുവയാണിതെന്നാണ് സംശയം. വെടിവെച്ച് കൊന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൂടാതെ, കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
വയനാട് പഞ്ചാരകൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്‌ണൻ കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുന്നതിനിടെയാണ് കടുവ ചത്തത്. പിലാക്കാവിൽ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.
കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള രണ്ടു വലിയ മുറിവുകൾ കണ്ടെത്തി. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട ഒരു സ്ഥലത്തുവച്ച് രാത്രി രണ്ടരയോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.
പഞ്ചാരകൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇന്നലെ ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെയുണ്ടായ കടുവാ ആക്രമണത്തിൽ ഒരു ആര്‍.ആര്‍.ടി സംഘാംഗത്തിന് പരുക്കേറ്റിരുന്നു. മാനന്തവാടി ആര്‍.ആര്‍.ടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. ഉള്‍ക്കാട്ടില്‍ വെച്ചുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരുക്കേൽക്കുയായിരുന്നു. കടുവയെ കണ്ടെത്താന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെ വനപ്രദേശങ്ങളിലേക്ക് പോയിരുന്നു. ഇവിടെ കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ സംഘം തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്ന് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താൽക്കാലിക വാച്ചറായ അച്ചപ്പൻ്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നത്. രാധയുടെ മൃതദേഹം കടുവ നൂറ് മീറ്ററോളം വലിച്ചുകൊണ്ടു പോയി, പകുതി ഭക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് സംഭവസ്ഥലത്തുണ്ടായത്.
The man-eater tiger that had been wreaking havoc in Pancharakolly has been found dead, bringing relief to the local residents who had been living in fear of the beast.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."