യുഎഇ; ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട് അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങള്‍ മാറും
അബൂദബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട് അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളില്‍ ഈ വര്‍ഷത്തോടെ മാറ്റം വരുമെന്ന് സൂചന. എല്ലാ സേവനങ്ങള്‍ക്കുമായുള്ള ഏകീകൃത കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യന്‍ മിഷന്‍. എല്ലാ കോണ്‍സുലാര്‍ സര്‍വീസും ഒരു കുടക്കീഴിലാക്കുന്ന ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് സേവന ദാതാക്കളില്‍ നിന്ന് ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎഇയിലെ നാല്‍പ്പത് ലക്ഷം വരുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വിസ സേവനങ്ങള്‍ ആവശ്യമായുള്ള വിദേശികള്‍ക്കുമായി ഐസിഎസിയുടെ 14 ബ്രാഞ്ചുകള്‍ തുറക്കാനാണ് ഇന്ത്യന്‍ എംബസി ആസൂത്രണം ചെയ്യുന്നത്. നിലവില്‍ വിസ, പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനുകള്‍ ബിഎല്‍എസ് ഇന്റര്‍നാഷനലും രേഖകളുടെ അറ്റസ്റ്റേഷന്‍ പോലുള്ള സേവനങ്ങള്‍ ഐവിഎസ് ഗ്ലോബലുമാണ് കൈകാര്യം ചെയ്യുന്നത്.
വേഗത്തിലും സുതാര്യമായും സേവനങ്ങള്‍ നല്‍കുന്നതിനായാണ് ഏകീകൃത കേന്ദ്രത്തിനായി ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം ഐസിഎസി പദ്ധതി നടപ്പാക്കുന്നതിനായി 2023ലും എംബസി സമാന ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു.
അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ വെബ്‌സൈറ്റ്, അപേക്ഷകള്‍ തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള ഡാഷ്‌ബോര്‍ഡ്, അപ്പോയ്്‌മെന്റുകള്‍ നല്‍കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കാനുമുള്ള കര്‍ശന സമയപരിധി തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ടെന്‍ഡറാണ് പുതിയതായി ക്ഷണിച്ചിരിക്കുന്നത്. ഇത് ചെയ്തില്ലെങ്കില്‍ സേവന ദാതാവിന് പിഴ ചുമത്തും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കണമെന്നും ഓരോ അപേക്ഷക്കും 30 മിനിട്ട് മാത്രമേ ഉപയോഗിക്കാവൂ എന്നും എംബസി മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അബൂദബിയിലെ അല്‍ ഖാലിദിയ, അല്‍ റീം, മുസഫ, ദുബൈയിലെ ബര്‍ ദുബൈ, മറിന എന്നിവിടങ്ങളിലും അല്‍ ഐന്‍, ഖായതി, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, ഖോര്‍ഫക്കാന്‍, ഖല്‍ബ, റാസല്‍ഖൈമ എന്നിവിടങ്ങളിലുമാണ് ഐസിഎസിയുടെ ശാഖകള്‍ വരാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."