നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതി ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ജനരോഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് വന്‍ പൊലിസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊലപാതകം നടന്ന സ്ഥലത്തേക്ക് പ്രതിയെ എത്തിക്കുന്ന ദിവസത്തെക്കുറിച്ചോ സമയം സംബന്ധിച്ചോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ പൊലിസ് സേനയുടെ സാന്നിധ്യം ഉറപ്പുവരുത്തി അതീവ രഹസ്യമായി മാത്രമേ പോത്തുണ്ടിയില്‍ എത്തിക്കാന്‍ ആലോചിക്കുന്നുള്ളൂ. എ.ആര്‍ ക്യാംപില്‍ നിന്നും വിവിധ സ്റ്റേഷനുകളില്‍ നിന്നുമായി അഞ്ഞൂറോളം പൊലിസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും.
കൊലപാതകത്തിനു ശേഷം പ്രതിയെ പിടിച്ച സമയത്തെ ജനരോഷം പൊലിസ് സ്റ്റേഷന്റെ പടിയും മതിലും തകര്‍ക്കുന്നതു വരെ എത്തിയിരുന്നു. രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ വീടിനു മുന്നിലെ റോഡില്‍ തെളിവെടുപ്പിന് എത്തിച്ചേക്കും. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍, കൊലയ്ക്കു ശേഷം ഒളിവില്‍ കഴിഞ്ഞതു സംബന്ധിച്ചും സഹായികള്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ചും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ക്കു തെളിവു ലഭിക്കാനുണ്ട്.
കൃത്യം ചെയ്തതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നു പ്രതി പറഞ്ഞതും മൊഴികളിലെ വൈരുധ്യങ്ങളും പൊലിസിനു പരിശോധിക്കും. പോത്തുണ്ടി തിരുത്തംപാടം സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി, സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്നും ക്രൂരമായാണെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ മാസമാണ് കേരളത്തെയാകെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതകം നടന്നത്. 2019 ആഗസ്റ്റ് 31ന് സജിതയെന്ന അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയുടെ ഭാര്യ പിരിഞ്ഞ് പോകാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കടുത്ത അന്ധവിശ്വാസിയായ ചെന്താമര, നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി പറഞ്ഞതിന് പിന്നാലെയാണ് സജിതയെ സംശയിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാകരന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."