'മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരന്‍, റാഗിങ് നടന്നതിന് തെളിവുകളില്ല'; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍
കാക്കനാട്: എറണാകുളം തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യായീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍. മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടത്താനായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
'ആരോപണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയര്‍ന്നത് മിഹിറിന്റെ മരണശേഷമാണ്, തിരക്കിട്ട് നടപടികള്‍ എടുക്കരുതെന്ന് പൊലീസും നിര്‍ദേശിച്ചിട്ടുണ്ട്' ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
ജനുവരി 14 ന് മിഹിര്‍ ഉള്‍പ്പടെയുളള സംഘം മറ്റൊരു കുട്ടിയെ മര്‍ദിച്ചെന്നും മുന്‍പ് പഠിച്ച സ്‌കൂളില്‍നിന്ന് ടിസി നല്‍കി പറഞ്ഞുവിട്ട വിദ്യാര്‍ഥിയാണ് മിഹിര്‍, മിഹിറിന്റെ രക്ഷകര്‍ത്താക്കളെ അടക്കം സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നതായും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
പരാതി ലഭിച്ചശേഷം മിഹിറിന്റെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുത്തിരുന്നു. എന്നാല്‍ മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ സമ്മതിച്ചിട്ടില്ല. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ജനുവരി 15ന് ആണ് തൃപ്പുണിത്തുറയില്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്ന തരത്തിലുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."