മഹാകുംഭമേള: പൊതുതാൽപര്യ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി
ന്യൂഡൽഹി: മഹാ കുംഭമേളയിൽ ഭക്തരുടെ സുരക്ഷയെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾക്കായുള്ള പൊതുതാൽപര്യ ഹരജി കേൾക്കാൻ വിസമ്മതിച്ച്പ സുപ്രിം കോടതി. അലഹബാദ് ഹൈകോടതിയെ സമീപിക്കാൻ ഹരജിക്കാരനോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, മഹാ കുംഭത്തിലെ തിക്കിലും തിരക്കിലും 30 പേരെങ്കിലും കൊല്ലപ്പെട്ടത് നിർഭാഗ്യകരമെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
‘ഇത് നിർഭാഗ്യകരമായ സംഭവമാണ്. ആശങ്കാജനകവും. എന്നാൽ നിങ്ങൾ അലഹബാദ് ഹൈക്കോടതിയിലേക്ക് പോകൂ’- ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹരജി സമർപിച്ചത്.
അലഹബാദ് ഹൈക്കോടതിയിൽ ഇതിനകം ഒരു ഹരജി സമർപ്പിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ ഹരജി സുപ്രിം കോടതിയിൽ പരിശോധിക്കേണ്ടതില്ലെന്നും മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി പ്രതിനിധീകരിക്കുന്ന, യു.പി സർക്കാറിന്റെ സബ്മിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ടുള്ള അപകടങ്ങൾ തടയുന്നതിനും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം തുല്യതയുടെയും ജീവിതത്തിന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അനിവാര്യമാണെന്ന് ഹരജിയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."