മെസിക്ക് വേണ്ടി അവർ ചെയ്തപോലെ റൊണാൾഡോക്കായി നിങ്ങളും ചെയ്യണം: ആവശ്യവുമായി മുൻ താരം
വിരമിക്കുന്നതിനു മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി ലോകകപ്പ് നേടിക്കൊടുക്കാൻ പോർച്ചുഗൽ താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ പോർച്ചുഗീസ് താരം ബ്രൂണോ ആൽവസ്. അർജന്റീന ലോകകപ്പ് നേടിയതുപോലെ പോർച്ചുഗലിന് താരങ്ങൾ ലോകകപ്പ് നേടികൊടുക്കണമെന്നും മുൻ പോർച്ചുഗൽ താരം പറഞ്ഞു. എ ബോലോക്ക് നൽകിയ അഭിമുഖത്തിലാണ് ബ്രൂണോ ആൽവസ് ഇക്കാര്യം പറഞ്ഞത്.
'ക്രിസ്റ്റ്യാനോ എപ്പോഴും നമ്മുടെ രാജ്യത്തെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ലോക ചാമ്പ്യനാക്കാൻ പോർച്ചുഗീസ് ദേശീയ ടീമും പോർച്ചുഗീസ് ജനതയും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണം. ഇതിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഉദാഹരണം അർജന്റീനയാണ്. അവർ മെസിയെ ലോക ചാമ്പ്യനാക്കി. അർജന്റീനയുടെ താരങ്ങൾ മെസിയെ ലോക ചാമ്പ്യനാക്കാൻ കാണിച്ച അർപ്പണബോധവും പ്രതിബദ്ധതയും ഞാൻ കണ്ടു. പോർച്ചുഗൽ താരങ്ങളും അങ്ങനെ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,' ബ്രൂണോ ആൽവസ് പറഞ്ഞു.
പോർച്ചുഗലിനായി അഞ്ചു ലോകകപ്പുകളിൽ ബൂട്ടുകെട്ടിയ റൊണാൾഡോക്ക് ഒരിക്കൽ പോലും ലോകകപ്പ് ട്രോഫി കൈപ്പിടിയിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ യൂറോകപ്പ്, യുവേഫ നേഷൻസ് ലീഗ് എന്നീ കിരീടങ്ങൾ പോർചുഗലിനൊപ്പം സ്വന്തമാക്കാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. ൨൦൨൬ ലോകകപ്പ് റൊണാൾഡോയുടെ അവസാന മേജർ ടൂർണമെന്റ് ആവാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ലോകകപ്പിൽ റൊണാൾഡോയുടെ ഈ കിരീട സ്വപ്നം സാക്ഷാത്കാരമാകുമോയെന്ന് കണ്ടുതന്നെ അറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."