സർക്കാർ ജീവനക്കാരുടെ സാഹിത്യസൃഷ്ടി ; ചുമതല വകുപ്പ് മേധാവിമാർക്ക്
തിരുനാവായ (മലപ്പുറം): സർക്കാർ ജീവനക്കാർക്ക് സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതിനൽകുന്നതിനുള്ള അധികാരം വകുപ്പ് മേധാവികൾക്ക് തന്നെ നൽകും.1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 62, 63 ലെ വ്യവസ്ഥകൾ പ്രകാരം സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതിനൽകാനുള്ള അധികാരം വകുപ്പ് മേധാവികൾക്ക് നൽകി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്. ജീവനക്കാർ പ്രതിഫലം പറ്റുന്നില്ലെന്ന് ഉറപ്പുവരുത്താൻ വകുപ്പ് മേധാവികൾക്ക് ഉത്തരവിൽ നിർദേശവുമുണ്ട്.
സർക്കാർ ജീവനക്കാരുടെ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതിതേടി നിരവധി അപേക്ഷകൾ സർക്കാരിൻ്റെ വിവിധ വകുപ്പുകളിൽ ലഭിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. അപേക്ഷകൾ സർക്കാരിന് കൈമാറുകയും സൂക്ഷ്മമായി പരിശോധിച്ച് പ്രസിദ്ധീകരണാനുമതി നൽകുകയുമാണ് ചെയ്തിരുന്നത്.
പ്രസിദ്ധീകരണാനുമതി ആവശ്യപ്പെട്ടു ലഭിക്കുന്ന അപേക്ഷകളുടെ ബാഹുല്യമാണ് പുതിയ ഉത്തരവിനു പിന്നിൽ. അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനുള്ള അധികാരം അതത് വകുപ്പ് തലവന്മാർക്ക് നൽകണമെന്ന് വിവിധ വകുപ്പുകളിൽ നിന്ന് നിരവധി അപേക്ഷകൾ സർക്കാരിന് ലഭിക്കുകയും ചെയ്തിരുന്നു. പ്രസിദ്ധീകരണാനുമതി നൽകാൻ അതത് വകുപ്പ് തലവന്മാർക്ക് സർക്കാർ അധികാരം നൽകിയതോടെ ഇക്കാര്യത്തിലുള്ള കാലതാമസം ഒഴിവാകും. ജീവനക്കാർക്കും സർക്കാർ വകുപ്പുകൾക്കും ആശ്വാസമേകുന്നതാണ് പുതിയ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."