ഗോളടിവീരൻ പുറത്ത്; കിരീടങ്ങൾ സ്വപ്നം കാണുന്ന ആഴ്സണലിന് കനത്ത തിരിച്ചടി
ലണ്ടൻ: ആഴ്സണലിന്റെ ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിന് സീസൺ മുഴുവൻ നഷ്ടമാവുമെന്ന് റിപ്പോർട്ടുകൾ. ഇഎഫ്എൽ കപ്പിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിലായിരുന്നു ജീസസിന് പരുക്ക് പറ്റിയത്. ഇതിനു പിന്നാലെ താരം മത്സരത്തിൽ നിന്നും പുറത്താവുകയായിരുന്നു. ഇപ്പോൾ ജീസസിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ജീസസിന്റെ പരുക്ക് ഈ സീസണിൽ കിരീടങ്ങൾ സ്വപ്നം കാണുന്ന ആഴ്സണലിന് കനത്ത തിരിച്ചടിയായിരിക്കും നൽകുക. നിലവിൽ പീരങ്കിപ്പടയുടെ ഏക സ്‌ട്രൈക്കർ ആണ് ജീസസ്. ഈ സാഹചര്യത്തിൽ ജനുവരി ട്രാൻഫർ വിൻഡോയിൽ ആഴ്‌സണൽ മറ്റൊരു പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കുമോ എന്നും കണ്ടുതന്നെ അറിയണം.
ആഴ്സണലിനായി തകർപ്പൻ പ്രകടനങ്ങളാണ് ഈ സീസണിൽ ഇതുവരെ ജീസസ് നടത്തിയിരുന്നത്. പുതിയ സീസണിൽ ഏഴ് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം ഇതുവരെ നേടിയത്.
ജീസസിന് പുറമെ ആഴ്സണലിന്റെ മറ്റ് പ്രധാന താരങ്ങളും പരുക്കിന്റെ പിടിയിലാണ്. ബുക്കയോ സാക്ക, ടകെഹിറോ ടോമിയാസു, ബെൻ വൈറ്റ്, ഏഥാൻ നവാനേരി, റിക്കാർഡോ കാലാഫിയോറി എന്നീ താരങ്ങളും പരുക്കിന്റെ പിടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."