അങ്ങിനെയാണ് ലാല്‍ ബഹാദൂര്‍, 'ലാല്‍ ബഹാദൂര്‍ ശാസ്ത്രി' ആയത് | Lal Bahadur Shastri Life
'ഞാനൊരു ഹിന്ദുവായിരിക്കെ തന്നെ, യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന മിര്‍ മുഷ്താഖ് ഒരു മുസ് ലിമാണ്. നേരത്തെ അഭിസംബോധന ചെയ്ത ഫ്രാങ്ക് ആന്റണി ഒരു ക്രിസ്ത്യാനിയും. ഇവിടെ സിഖുകാരും പാഴ്‌സികളും ഉണ്ട്. നമുക്കൊപ്പം ഹിന്ദുക്കളും മുസ് ലിംകളും ക്രിസ്ത്യാനികളും സിഖുകാരും പാഴ്‌സികളും കൂടാതെ മറ്റ് വിവിധ മതസ്ഥരും ഉണ്ട് എന്നതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. നമുക്ക് ക്ഷേത്രങ്ങളും പള്ളികളും ഗുരുദ്വാരകളും ഉണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം ഇതാണ്. പാകിസ്ഥാന്‍ സ്വയം ഒരു ഇസ് ലാമിക രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുകയും മതത്തെ ഒരു രാഷ്ട്രീയ ഘടകമായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍, നമുക്ക് ഇഷ്ടമുള്ള ഏത് മതത്തെയും പിന്തുടരാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മള്‍ ഓരോരുത്തരും ഇവിടെ ജീവിക്കുന്ന മറ്റുള്ളവരെപ്പോലെ തന്നെ ഇന്ത്യക്കാരാണ്'- ഇന്ത്യന്‍ പ്രധാന മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹിന്ദുവായതാണ് 1965ലെ ഇന്ത്യ പാക് യുദ്ധത്തിന് കാരണമെന്ന രീതിയില്‍ ബിബിസി നല്‍കിയ റിപ്പോര്‍ട്ടിനെതിരേ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് വെടിനിര്‍ത്തലിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ശാസ്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്താന്‍ വിസമ്മതിച്ച മതേതരത്വത്തിന് വേണ്ടി ശക്തമായി നിലകൊണ്ട് വ്യക്തിയായിരുന്നു അദ്ദേഹം.
സൗമ്യനും മൃദുഭാഷിയുമായ ശാസ്ത്രി, ഒരു നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് കൂടിയായിരുന്നു. താന്‍ ഒരു സോഷ്യലിസ്റ്റ് ആണെങ്കിലും സാമ്പത്തിക, വിദേശ രംഗങ്ങളിലുള്‍പ്പെടെ സ്വതന്ത്ര കാഴ്ചപ്പാട് അദ്ദേഹം വച്ചുപുലര്‍ത്തി. പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 1964 ജൂണ്‍ 11ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ ശാസ്ത്രി പറഞ്ഞ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ കൃത്യായ നിലപാട്. 'ഓരോ ജനതയുടെയും ജീവിതത്തില്‍ ചരിത്രത്തിന്റെ വഴിത്തിരിവില്‍ നില്‍ക്കുന്ന ഒരു സമയം വരും. ഏത് വഴിയാണ് പോകേണ്ടതെന്ന് തെരഞ്ഞെടുക്കണം. ഞങ്ങളെ സംബന്ധിച്ചിടത്തോളം, വലത്തോട്ടോ ഇടത്തോട്ടോ നോക്കാതെ തന്നെ ബുദ്ധിമുട്ടോ മടിയോ കൂടാതെ മുന്നോട്ടുപോവാനാകും. നമ്മുടെ വഴി നേരായതും വ്യക്തവുമാണ്. എല്ലാവര്‍ക്കും സ്വാതന്ത്ര്യവും സമൃദ്ധിയും ഉള്ള ഒരു സോഷ്യലിസ്റ്റ് ജനാധിപത്യം നമ്മുടെ രാജ്യത്ത് കെട്ടിപ്പടുക്കണം. ലോകസമാധാനവും എല്ലാ രാഷ്ട്രങ്ങളുമായുള്ള സൗഹൃദവും നിലനിര്‍ത്തുക' ശാസ്ത്രി പറഞ്ഞു.
ഹിന്ദി പ്രക്ഷോഭത്തെ നേരിട്ട വിധം
1965 ല്‍ മദ്രാസ് സംസ്ഥാനം (ഇന്നത്തെ തമിഴ്‌നാട്) വീണ്ടുമൊരു ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചതോടെ പ്രശ്‌നം പരിഹിക്കാന്‍ അന്നത്തെ പ്രധാന മന്ത്രിയെന്ന നിലയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നടത്തിയ ഇടപെടലും അദ്ദേഹത്തിന്റെ നിലപാട് വ്യക്താക്കുന്നതാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേയായിരുന്നു പ്രതിഷേധം. നേരത്തെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായപ്പോഴും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഹിന്ദി പഠിപ്പിക്കല്‍ നിര്‍ബന്ധമാക്കിയതിനെതിരേ 1937ലുണ്ടായ പ്രതിഷേധം മദ്രാസ് കണ്ട വലിയ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കപ്പെടുകയും 1965 ജനുവരി 26ന് ശേഷം ഹിന്ദിയെ ഏക ഔദ്യോഗിക ഭാഷയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനെതിരേ പല ഹിന്ദി ഇതര സംസ്ഥാനങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയതോടെ, ഇത്തരം സംസ്ഥാനങ്ങളുടെ ഭയമകറ്റാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1963ല്‍ ഔദ്യോഗിക ഭാഷാ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍, 1965 ജനുവരി 26ന് ശേഷം ഹിന്ദി ഏക ഔദ്യോഗിക ഭാഷയാക്കിയേക്കുമെന്ന ഭയം വിട്ടുമാറിയിരുന്നില്ല. ഇതാണ് മദ്രാസ് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.
കോളജ് വിദ്യാര്‍ഥികളുടെ പിന്തുണയോടെയായിരുന്നു ഹിന്ദി വിരുദ്ധ പ്രസ്ഥാനം ശക്തിപ്പെട്ടത്. 1965 ജനുവരി 25 ന് പ്രക്ഷോഭകാരികളായ വിദ്യാര്‍ഥികളും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉടലെടുത്ത ചെറിയ തര്‍ക്കം മധുരയില്‍ വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇതോടെ സംസ്ഥാനത്തുടനീളം വ്യാപകമായ കലാപങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലിസ് ലാത്തിച്ചാര്‍ജുകളും വെടിവയ്പ്പുകളും അരങ്ങേറി. അക്രമം, തീവയ്പ്പ്, കൊള്ള തുടങ്ങി പൂര്‍ണമായ അരക്ഷിതാവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങി. സ്ഥിതിഗതികള്‍ കൈവിട്ടതോടെ സംസ്ഥാനത്ത് അര്‍ധ സൈനിക വിഭാഗത്തെ ഉള്‍പ്പെടെ വിന്യസിക്കേണ്ടിവന്നു. രണ്ട് മാസം നീണ്ടുനിന്ന കലാപത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് രണ്ട് പൊലിസുകാര്‍ ഉള്‍പ്പെടെ 70 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിഷയത്തിലിടപെട്ട ശാസ്ത്രി, ഹിന്ദി ഇതര സംസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം കാലം ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് ഉറപ്പുനല്‍കിയതോടെയാണ് കലാപവും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും അവസാനിച്ചത്.
അച്ഛനും മുത്തച്ഛനും മരിച്ചിട്ടും ലാല്‍ ബഹാദൂറിന്റെ പഠനം മുടങ്ങിയില്ല
1904 ഒക്ടോബര്‍ 2ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍നിന്ന് ഏഴു മൈല്‍ അകലെയുള്ള ചെറിയ ടൗണായ മുഗള്‍സാരായിയിലായിരുന്നു ജനനം. സ്‌കൂള്‍ അധ്യാപകനും പിന്നീട് അലഹബാദിലെ റവന്യൂ ഓഫിസിലെ ഗുമസ്തനുമായിരുന്ന ശാരദ പ്രസാദ് ശ്രീവാസ്തവയുടെയും രാംദുലാരി ദേവിയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെവനായ ശാസ്ത്രിക്ക് രണ്ട് വയസ്സ് തികയും മുമ്പ് തന്നെ പിതാവ് മരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ 1906 ഏപ്രിലില്‍ പകര്‍ച്ചവ്യാധിയായ ബ്യൂബോണിക് പ്ലേഗ് ബാധിച്ചായിരുന്നു മരണം. ഇതോടെ, രാംനഗറില്‍ താമസിച്ചിരുന്ന ലാല്‍ ബഹാദൂറും സഹോദരി കൈലാശി ദേവിയും അമ്മയ്‌ക്കൊപ്പം മുത്തച്ഛന്‍ മുന്‍ഷി ഹസാരി ലാലിന്റെ വീട്ടിലേക്ക് താമസം മാറി. ശാരദ പ്രസാദ് മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്ന 23 വയസ്സുകാരിയായ രാംദുലാരി ദേവി സുന്ദരി ദേവി എന്ന ഒരു മകള്‍ക്കു കൂടി ജന്മം നല്‍കി. 1908ന്റെ മധ്യത്തില്‍ ഹസാരി ലാലിന്റെ മരണ ശേഷം ഗാസിപ്പൂരിലെ കറുപ്പ് നിയന്ത്രണ വകുപ്പില്‍ ഹെഡ് ക്ലര്‍ക്കായിരുന്ന അമ്മാവന്‍ ദര്‍ബാരി ലാലിന്റെയും മകന്‍ മുഗള്‍സാരായിയില്‍ അധ്യാപകനായിരുന്ന ബിന്ദേശ്വരി പ്രസാദിന്റെയും സംരക്ഷണയിലായിരുന്നു ജീവിതം. നാലാം വയസ്സില്‍ മുഗള്‍സരായിലെ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഇന്റര്‍ കോളജില്‍ ബുധന്‍ മിയാന്‍ എന്ന അധ്യാപകന്റെ ശിക്ഷണത്തിലാണ് ലാല്‍ബഹാദൂര്‍ വിദ്യാഭ്യാസം ആരംഭിച്ചത്. ആറാം ക്ലാസ് വരെ അവിടെ തുടര്‍ന്നു. 1917ല്‍ ബിന്ദേശ്വരി പ്രസാദിനെ വാരണാസിയിലേക്ക് മാറ്റിയതോടെ രാംദുലാരി ദേവിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ മുഴുവന്‍ കുടുംബവും അവിടേക്ക് മാറി. ഇതോടെ വാരണാസിയിലെ ഹരീഷ് ചന്ദ്ര ഹൈസ്‌കൂളിലായി ഏഴാം ക്ലാസ് പഠനം.
അച്ഛനും മുത്തച്ഛനും മരിച്ചിട്ടും ലാല്‍ ബഹാദൂറിന്റെ പഠനമുള്‍പ്പെടെ മുടങ്ങാതെ നിലനിര്‍ത്താനായത് അന്നത്തെ കൂട്ടുകുടുംബ വ്യവസ്ഥയുടെ ശക്തി കൂടിയാണ് നമുക്ക് പറഞ്ഞുതരുന്നത്. ഹരീഷ് ചന്ദ്ര ഹൈസ്‌കൂളിലെ അധ്യാപകരില്‍ നിന്നും മറ്റും ലഭിച്ച സന്ദേശങ്ങളും 1921 ജനുവരിയില്‍, ബനാറസില്‍ നടന്ന പൊതുയോഗവുമാണ് ലാല്‍ ബഹാദൂറിനെ സ്വാതന്ത്ര്യസമര പോരാളിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. മഹാത്മജിയും പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുമെല്ലാം പ്രസംഗിക്കാനെത്തിയ പൊതുയോഗത്തില്‍ അദ്ദേഹവും പങ്കെടുത്തു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിന്മാറാനും നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേരാനുമുള്ള മഹാത്മജിയുടെ ആഹ്വാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ലാല്‍ബഹാദൂര്‍ അടുത്ത ദിവസം ഹരീഷ് ചന്ദ്ര ഹൈസ്‌കൂളിലെ പഠനമുപേക്ഷിച്ചു. പത്താം ക്ലാസ് ഫൈനല്‍ പരീക്ഷയ്ക്ക് മൂന്ന് മാസം മാത്രമുള്ളപ്പോഴായിരുന്നു ഇത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി പിക്കറ്റിങുകളിലും മറ്റുപ്രതിഷേധങ്ങളിലും പങ്കെടുത്ത് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാദേശിക ശാഖയില്‍ സന്നദ്ധപ്രവര്‍ത്തകനായി. താമസിയാതെ അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലിലടച്ചെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിട്ടയച്ചു.
ലാല്‍ ബഹാദൂര്‍, ശാസ്ത്രിയാവുന്നു..
ബനാറസില്‍ 1921 ഫെബ്രുവരി 10ന് ഗാന്ധിജി ഉദ്ഘാടനം ചെയ്ത കാശി വിദ്യാപീഠത്തിലെ ആദ്യ വിദ്യാര്‍ഥികളിലൊരാളായി ലാല്‍ ബഹാദൂറും ചേര്‍ന്നു. ചെറുപ്പക്കാരായ നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ സ്വാതന്ത്ര്യ പോരാട്ടത്തിന് സ്‌കൂളുകളും കോളജുകളും വിട്ടിറങ്ങിപ്പോന്നതോടെ അവരുടെ വിദ്യാഭ്യാസം തുടരേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ഇത്തരമൊരു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 1925ല്‍ വിദ്യാപീഠത്തില്‍ നിന്ന് തത്വശാസ്ത്രത്തിലും നൈതികതയിലും ഒന്നാം ക്ലാസ് ബിരുദം നേടിയ അദ്ദേഹത്തിന് ശാസ്ത്രി ('പണ്ഡിതന്‍') എന്ന പദവി ലഭിച്ചു. സ്ഥാപനം നല്‍കുന്ന ബാച്ചിലേഴ്‌സ് ബിരുദത്തിന്റെ പേരായിരുന്നു അതെങ്കിലും പിന്നീട് ലാല്‍ ബഹാദൂറിന്റെ പേരിന്റെ ഭാഗമായി അത് മാറി. അങ്ങിനെ ലാല്‍ ബഹാദൂര്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രിയായി. ലാലാ ലജ്പത് റായ് സ്ഥാപിച്ച സെര്‍വന്റ്‌സ് ഓഫ് പീപ്പിള്‍ സൊസൈറ്റിയില്‍ (ലോക് സേവക് മണ്ഡലം) ആജീവനാന്ത അംഗമായി ശാസ്ത്രി സ്വയം രജിസ്റ്റര്‍ ചെയ്തു. മുസഫര്‍പൂരില്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ അദ്ദേഹം പിന്നീട് സൊസൈറ്റിയുടെ പ്രസിഡന്റായും ചുമതലയേറ്റു. 1928 മെയ് 16ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി മിര്‍സാപൂര്‍ സ്വദേശി ലളിതാ ദേവിയെ വിവാഹം കഴിച്ചു. പാരമ്പര്യ രീതിയിലായിരുന്നു വിവാഹച്ചടങ്ങുകളെല്ലാം. എന്നാല്‍, ഒരു ചര്‍ക്കയും ഏതാനും മുഴം കൈത്തറി വസ്ത്രവുമേ അദ്ദേഹം സ്ത്രീധനമായി വാങ്ങിയുള്ളൂ. ആ വര്‍ഷം തന്നെ മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം ശാസ്ത്രി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സജീവ അംഗമായി. 1930ലെ ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത അദ്ദേഹം രണ്ടു വര്‍ഷത്തിലധികം ജയിലില്‍ കിടന്നു. 1940ല്‍ സ്വാതന്ത്ര്യ സമരത്തിന് വ്യക്തിപരമായ സത്യഗ്രഹ പിന്തുണ വാഗ്ദാനം ചെയ്തതിന് ഒരു വര്‍ഷത്തേക്ക് അദ്ദേഹത്തെ ജയിലിലടച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ മുന്നില്‍
ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ശാസ്ത്രി അലഹബാദിലെത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വീടായ ആനന്ദഭവനില്‍ നിന്ന് അദ്ദേഹം സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടു നടന്ന 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിലും അദ്ദേഹം പങ്കെടുത്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ സമരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ഒമ്പതു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1937ല്‍ യുപി പാര്‍ലമെന്ററി ബോര്‍ഡിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 1937 ലും 1946 ലും യുനൈറ്റഡ് പ്രോവിന്‍സിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മഹാത്മജി പിറന്ന ഒക്ടോബര്‍ 2ന് തന്നെ പിറന്ന അദ്ദേഹം മഹാത്മജിയെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചു. വിനയവും സഹാനുഭൂതിയും മുഖമുദ്രയാക്കിയ അദ്ദേഹം സാധാരണക്കാര്‍ക്കൊപ്പം നിലകൊണ്ടു.
'കഠിനാധ്വാനം പ്രാര്‍ഥനയ്ക്കു തുല്യമാണെ'ന്ന് പറഞ്ഞ അദ്ദേഹത്തില്‍ മഹാത്മാഗാന്ധി പകര്‍ന്നുനല്‍കിയ രാഷ്ട്രീയ പാഠങ്ങള്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ശാന്തനും നാട്യങ്ങളില്ലാത്ത വ്യക്തിത്വത്തിനുടമയുമായിരുന്നു അദ്ദേഹം. സ്ഥിരമായി ധോത്തി ധരിക്കാറുള്ള അദ്ദേഹം, 1961ല്‍ രാഷ്ട്രപതി ഭവനില്‍ ബ്രിട്ടീഷ് രാജ്ഞിയോടുള്ള ബഹുമാനാര്‍ഥം ഒരുക്കിയ അത്താഴവിരുന്നില്‍ മാത്രമാണ് പൈജാമ ധരിച്ചെത്തിയ ഒരേയൊരു സന്ദര്‍ഭമെന്നത് എത്രത്തോളം ലളിത ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നു.
(അവസാനിക്കുന്നില്ല)
Next: ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം പിറക്കുന്നു... 3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."