അനധികൃത അവധിയിൽ 144 സർക്കാർ ഡോക്ടർമാർ ; കൂടുതൽ പത്തനംതിട്ടയിൽ
പത്തനംതിട്ട: സംസ്ഥാനത്ത് അനധികൃത അവധിയിൽ 144 സർക്കാർ ഡോക്ടർമാർ. ആരോഗ്യമന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയിലാണ് ഇത്തരത്തിലുള്ള ഡോക്ടർമാർ കൂടുതലുള്ളത്. 36 ഡോക്ടർമാരാണ് പത്തനംതിട്ടയിൽ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയുടെ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
തിരുവനന്തപുരം-11, കോട്ടയം- 7, കണ്ണൂർ- 20, മലപ്പുറം- 10, കോഴിക്കോട്- 12, കാസർകോട്- 20, പാലക്കാട്- 8, ഇടുക്കി- 3, തൃശൂർ-7 , വയനാട്- 4, ആലപ്പുഴ- 6 എന്നിങ്ങനെയാണ് വിട്ടുനൽക്കുന്ന ഡോക്ടർമാരുടെ എണ്ണമെന്ന് ആരോഗ്യവകുപ്പ് ഡയരക്ടറുടെ കാര്യാലയത്തിൽ നിന്ന് ലഭിച്ച മറുപടിയിൽ പറയുന്നു. ഇവർക്കെതിരേ 1960 ലെ കേരള സിവിൽ സർവിസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും ) ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചുവരികയാണെന്നും വിവരാവകാശ രേഖ പറയുന്നു.
സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എഫ്.എച്ച്.സികളാക്കി മാറ്റിയപ്പോൾ വേണ്ട ഡോക്ടർമാരുടെ എണ്ണത്തിലും വർധനവുണ്ടായി. ഇതനുസരിച്ച് ഡോക്ടർമാരില്ലാതിരിക്കുമ്പോഴാണ് ഒരുവിഭാഗം അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഡോക്ടർമാർ അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ വർഷം ജൂണിൽ ആരോഗ്യമന്ത്രി നിർദേശിച്ചിരുന്നു.
അറുമാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ല. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 2000ത്തോളം ജീവനക്കാരാണ് സര്‍വിസില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഇത് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെയും ചികിത്സയെയും ബാധിക്കുന്നുവെന്നും ഇത്തരക്കാർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."