ബംഗ്ലാദേശ് ഇതിഹാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി
ബംഗ്ലാദേശ് മുൻ നായകൻ തമീം ഇഖ്ബാൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് തമിം വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.
നേരത്തെ 2023ൽ തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഒരു ദിവസത്തിനുള്ളിൽ തമീം തൻ്റെ തീരുമാനം മാറ്റുകയായിരുന്നു. ഇപ്പോൾ ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കാൻ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്.
2007ൽ സിംബാബ്‌വെക്കെതിരായ ഏകദിനത്തിലാണ് തമീം ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ബംഗ്ലാദേശ് ടീമിലെ ഏറ്റവും മികച്ച താരമായി തമീം സ്വയം അടയാളപ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശിനായി മൂന്ന് ഫോർമാറ്റുകളിലും മികച്ച സംഭാവനകൾ നൽകാൻ തമീമിന് സാധിച്ചു. ഇന്റർനാഷണൽ ക്രിക്കറ്റിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് തമീം. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് മുഷ്ഫിഖുർ റഹീമാണ്.
ബംഗ്ലാദേശിനായി 243 ഏകദിന മത്സരങ്ങളിൽ നിന്നും 8357 റൺസാണ് തമീം നേടിയത്. 14 സെഞ്ച്വറികളും 56 അർദ്ധ സെഞ്ച്വറികളുമാണ് താരം ഏകദിനത്തിൽ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 10 സെഞ്ച്വറിയും 51ഫിഫ്‌റ്റിയും ഉൾപ്പെടെ 5134 റൺസും തമീം സ്വന്തമാക്കി. കുട്ടിക്രിക്കറ്റിൽ 78 മത്സരങ്ങളിൽ നിന്നുമായി 1758 റൺസും തമീം നേടിയിട്ടുണ്ട്. ട്വന്റി ട്വന്റിയിൽ ഒരു സെഞ്ച്വറിയും തമീം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."