പി.എസ്.സി ജല അതോറിറ്റി ക്ലർക്ക് സാധ്യതാ ലിസ്റ്റ് പുനഃക്രമീകരിച്ചു ; അധിക യോഗ്യതയുള്ള 441 പേർ പുറത്ത്
തിരുന്നാവായ (മലപ്പുറം): സംസ്ഥാന ജല അതോറിറ്റിയിലെ എൽ.ഡി ക്ലർക്ക് വിജ്ഞാപനത്തിലെ നിയമന യോഗ്യതയ്ക്ക് വിരുദ്ധമായി പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്റ്റ് പി.എസ്.സി പുനഃക്രമീരിച്ചു. സുപ്രിംകോടതി റദ്ദ് ചെയ്തതിനെ തുടർന്നാണ് നടപടി. ബിരുദവും മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡാറ്റ എൻട്രിയും ഓഫിസ് ഓട്ടമേഷനുമായിരുന്നു ഈ തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള യോഗ്യത. എന്നാൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) യോഗ്യത നേടിയവരെ കൂടി ഉൾപ്പെടുത്തിയാണ് പി.എസ്.സി സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത്.
ഡി.സി.എ യോഗ്യത നേടിയവർ തങ്ങളുടേത് ഇതിൻ്റെ തുല്യമോ, ഉയർന്നതോ ആയ യോഗ്യതയാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അനുകൂല വിധി സമ്പാദിച്ചതോടെയായിരുന്നു നടപടി. എന്നാൽ, അടിസ്ഥാന യോഗ്യത മാത്രമുള്ളവർ ഇതു ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപ്പിക്കുകയായിരുന്നു. കേസ് പരിശോധിച്ച കോടതി റാങ്ക് ലിസ്‌റ്റ് പുതുക്കാൻ പി.എസ്.സിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിജ്ഞാപന പ്രകാരമുള്ള നിശ്ചിത യോഗ്യത നേടിയവരെ മാത്രം ഉൾപ്പെടുത്തി പുനഃക്രമീകരിച്ച ലിസ്റ്റ‌് ഈ മാസം എട്ടിന് പി.എസ്.സി പ്രസിദ്ധീകരിച്ചത്.
മെയിൻ ലിസ്റ്റിൽ 355, സപ്ലിമെൻ്ററി ലിസ്റ്റിൽ ഒന്ന്, ഭിന്നശേഷി ലിസ്റ്റിൽ ഒന്ന് എന്നിങ്ങനെ 357 പേരെ ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധ്യതാ ലിസ്‌റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കും. 2023 ജൂൺ മൂന്നിന് പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്‌റ്റിൽ 798 പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. മെയിൻ ലിസ്റ്റിൽ 435, സപ്ലിമെന്ററി ലിസ്റ്റിൽ 355, ഭിന്നശേഷി ലിസ്റ്റിൽ എട്ട് എന്നിങ്ങനെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തിയപ്പോൾ മുൻ ലിസ്‌റ്റിലെ 441 പേരാണ് പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."