'ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍': വിവാദ പ്രസ്താവനയുമായി മോഹന്‍ ഭാഗവത്
ഇന്‍ഡോര്‍: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. ഇന്ദോറില്‍ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ ആധിപത്യത്തിനുമേല്‍ ഭാരതത്തിന്റെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമാണിത്. ആരേയും എതിര്‍ക്കാനല്ല രാമക്ഷേത്രപ്രസ്ഥാനം ആരംഭിച്ചത്. രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും ലോകത്തിന് വഴികാണിക്കാനും ഭാരതത്തെ സ്വയം ഉണര്‍ത്താനുമാണെന്നും അദ്ദേഹം പറഞ്ഞു.
2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് അയോദ്ധ്യയില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ചത്. അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ദിന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ യുപി സര്‍ക്കാര്‍ നടത്തിയിരുന്നു. ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംലല്ല പ്രതിഷ്ഠയില്‍ അഭിഷേകം നടത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്നലെയായിരുന്നു പരിപാടി അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."