അഫ്ഗാനെതിരെ അടിച്ചെടുത്തത് കൂറ്റൻ സ്കോർ; ടെസ്റ്റ് ക്രിക്കറ്റിൽ സിംബാബ്‌വെക്ക് റെക്കോർഡ് ടോട്ടൽ
ക്വീൻസ് സ്പോർട്സ് ക്ലബ്: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ റെക്കോർഡ് ടോട്ടലുമായി സിംബാബ്‌വെ. അഫ്ഗാനിസ്ഥാനെതിരെ 586 റൺസാണ് സിംബാബ്‌വെ അടിച്ചെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീമിനെതിരെ സിംബാബ്‌വെ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്. 2001ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 563 റൺസായിരുന്നു സിംബാബ്‌വെ ഇതിനു മുമ്പ് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിരുന്നത്.
സിംബാബ്‌വെക്കായി മൂന്ന് താരങ്ങളാണ് സെഞ്ച്വറി നേടിയത്. സീൻ വില്യംസ്, ക്രെയ്ഗ് എർവിൻ, ബ്രെയാൻ ബെന്നറ്റ് എന്നിവരാണ് സെഞ്ച്വറി നേടി തിളങ്ങിയത്. 174 പന്തിൽ 154 റൺസാണ് സീൻ വില്യംസ് നേടിയത്. പത്തു ഫോറുകളും മൂന്നു സിക്സുകളുമാണ് താരം നേടിയത്. ബ്രെയാൻ ബെന്നറ്റ് 124 പന്തിൽ പുറത്താവാതെ 110 റൺസും നേടി. അഞ്ചു ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
ക്രെയ്ഗ് എർവിൻ 176 പന്തിൽ 104 റൺസും നേടി. പത്തു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ബെൻ കുറാൻ അർദ്ധ സെഞ്ചുറിയും നേടി. 74 പന്തിൽ 68 റൺസാണ് താരം നേടിയത്. 11 ഫോറുകളാണ് താരം അടിച്ചെടുത്തത്. 115 പന്തിൽ 46 റൺസ് നേടി തകുദ്സ്വനാഷെ കൈതാനോയും വലിയ ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി.
അഫ്ഗാൻ ബൗളിങ്ങിൽ അല്ലാഹു ഗസൻഫർ മൂന്നു വിക്കറ്റും സാഹിർ ഖാൻ, സിയാ ഉർ റഹ്മാൻ, നവീദ് സദ്രാൻ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി തിളങ്ങി. അസ്മത്തുള്ള ഒമാർസായി ഒരു വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."