'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസില്‍ ഗസ്സക്കായി ശബ്ദമുയര്‍ത്തി ഒരിക്കല്‍ കൂടി റാഷിദ ത്ലൈബ്. ഫലസ്തീനിലെ പട്ടിണിയുടെ ആഴം കാണിക്കുന്ന ചിത്രം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണ കോണ്‍ഗ്രസ് അംഗമായ റാഷിദ എത്തിയത്. പട്ടിണി മൂലം എല്ലും തോലുമായി കിടക്കുന്ന ഒരു ഫലസ്തീനിയന്‍ കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസില്‍ രൂക്ഷമായാണ് സംസാരിച്ചത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ അമേരിക്ക ഇസ്‌റാഈലിന് നല്‍കിയ 30 ദിവസത്തെ സമയപരിധി പ്രാവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉടന്‍ രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
റാഷിദ ത്ലൈബിന്റെ പ്രസംഗത്തില്‍ നിന്ന്:
'ബൈഡന്‍ ഇസ്‌റാഈലിന് അനുവദിച്ച 30 ദിവസത്തെ ഡെഡ്ലൈനിനെക്കുറിച്ചാണ് എനിക്ക് സംസാരിക്കാനുള്ളത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഗസ്സയിലേക്കുള്ള സഹായം നിരന്തരം തടയുകയാണെന്നാണ്. തങ്ങളുടെ തന്നെ ആളുകളില്‍ നിന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളില്‍ നിന്നും യു.എന്നില്‍ നിന്നുമെല്ലാമുള്ള ഈ റിപ്പോര്‍ട്ടുകള്‍ ബൈഡന്‍ അവഗണിക്കുകയാണ്. ഇത് യു.എസിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ്. പ്രതിദിനം ശരാശരി 350 ട്രക്കുകള്‍ ഗസ്സയിലേക്ക് കയറ്റിവിടണമെന്നാണ് യു.എസ്് നല്‍കിയ കത്തില്‍ പറയുന്നത്.
ഇസ്‌റാഈല്‍ സര്‍ക്കാരിന്റെ തന്നെയും തങ്ങളുടേയും മറ്റ് അന്താരാഷ്ട്ര സംഘങ്ങളുടേയും കണക്ക് പ്രകാരം ഒക്ടോബറില്‍ 57 ട്രക്കുകള്‍ മാത്രമാണ് ഇസ്‌റാഈല്‍ ഗസ്സയിലേക്ക് കടത്തിവിട്ടത്. ഈ കണക്ക് ശരിയാണെങ്കില്‍ ഈ വര്‍ഷം ഗസ്സയിലേക്ക് എത്തിയ ഏറ്റവും കുറഞ്ഞ സഹായ വിതരണത്തിന്റെ കണക്കാണിത്. എന്നിട്ടും ഈ ആഴ്ച ആന്റണി ബ്ലിങ്കന്‍ വീണ്ടും കള്ളം പറയുകയാണ്, തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ബ്ലിങ്കന്‍ കോണ്‍ഗ്രസില്‍ കള്ളം പറയുന്നത് തുടരുകയാണ്, അതിനാല്‍ അദ്ദേഹം രാജിവെച്ചേ മതിയാകൂ. കേടുവന്ന ഭക്ഷണങ്ങളും മൃഗങ്ങള്‍ക്ക് നല്‍കുന്ന തീറ്റയും കഴിക്കാന്‍ ഫലസ്തീനി കുഞ്ഞുങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. നിങ്ങള്‍ ഈ ചിത്രത്തിലേക്ക് നോക്കൂ, നിങ്ങള്‍ ഈ യുദ്ധകുറ്റകൃത്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കരുത്. ഇത്രയൊക്കെ ആയിട്ടും നമ്മുടെ നിലപാടില്‍ മാറ്റമില്ല എന്നാണ് ബ്ലിങ്കന്‍ ആവര്‍ത്തിക്കുന്നത്.'- അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."