റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി; പുതുതായി 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും വരുന്നു
ഡൽഹി: രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും ആരംഭിക്കുന്നു. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. നൂറ് കിലോമീറ്റർ ദൂരത്തിലാവും നമോ ഭാരത് ട്രെയിൻ സർവീസ് നടത്തുക. ഇതിനെല്ലാം പുറമെ 100 അമൃത് ഭാരത് ട്രെയിനുകളും പുതുതായി സർവീസ് നടത്തുമെന്നും റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്. റെയിൽവെ സുരക്ഷയ്‌ക്കായി 1.16 ലക്ഷം കോടി രൂപയാണ് ബജറ്റിൽ ലഭിച്ചിട്ടുള്ളത്.
റെയിൽവേ വികസനത്തിന് വേണ്ടി കേരളത്തിന് 3042 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ഇത് യുപിഎ കാലത്തേക്കാൾ ഇരട്ടിയാണെന്നും റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 15742 കോടി രൂപയുടെ വികസനം പുരോഗമിക്കുന്നുണ്ടെന്നും 32 സ്റ്റേഷനുകൾ നവീകരിക്കുമെന്നും കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്ന വിഷയം പരിഗണനയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരള റെയിൽവേയിൽ നിലമ്പൂർ-നഞ്ചൻകോട് പദ്ധതി ഇപ്പോൾ നടത്തിപ്പിലാണ്. ശബരി റെയിൽവേ പാതയുടെ കാര്യത്തിൽ ത്രികക്ഷി കരാറിൽ ഏർപെടാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സർക്കാരിൻ്റെ മറുപടി ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി ഫോർ കാലടി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ, തലശ്ശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി തുടങ്ങിയ സ്റ്റേഷനുകൾ അമൃത് സ്‌റ്റേഷനുകളായി വികസിപ്പിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."