മേക്ക് ഇന്‍ ഇന്ത്യ ആരംഭിച്ച ശേഷം ഉല്പാദനം കുറഞ്ഞു; ലോക്‌സഭയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2025ലെ ബജറ്റ് അവതരണത്തിനുശേഷമുള്ള ലോക്‌സഭയിലെ തന്റെ ആദ്യ പ്രസംഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി നല്ല ആശയമായിരുന്നെന്നും എന്നാല്‍ അത് പരാജയപ്പെട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'പ്രധാനമന്ത്രിയാണ് 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി നിര്‍ദ്ദേശിച്ചത്, അതൊരു നല്ല ആശയമാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഫലം നിങ്ങള്‍ക്ക് മുന്നിലുണ്ട്. 2014ല്‍ ജിഡിപിയുടെ 15.3% ഉല്‍പ്പാദനം ഇന്ന് ജിഡിപിയുടെ 12.6% ആയി കുറഞ്ഞു. 60 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്‍പ്പാദന വിഹിതമാണിത്. ഞാന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല, പക്ഷേ പരാജയപ്പെട്ടു,' അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
ഒരു രാജ്യം എന്ന നിലയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു, നമ്മള്‍ അത് ചൈനക്കാര്‍ക്ക് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ അതിവേഗം വളര്‍ന്നു. ഇപ്പോള്‍ അല്പം സാവധാനത്തിലാണ് വളര്‍ച്ച. നമ്മള്‍ അഭിമുഖീകരിച്ച ഒരു സാര്‍വത്രിക പ്രശ്‌നം തൊഴിലില്ലായ്മയുടെ പ്രശ്‌നം പരിഹരിക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ്. യുപിഎ സര്‍ക്കാരിനോ ഇന്നത്തെ എന്‍ഡിഎ സര്‍ക്കാരിനോ അത് പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇരുസര്‍ക്കാരുകളും ഈ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ദ്രൗപതി മുര്‍മു അടുത്തിടെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
'രാഷ്ട്രപതി പ്രസംഗിക്കുമ്പോള്‍ ശ്രദ്ധ ലഭിക്കാനായി ഞാന്‍ പാടുപെയുകയായിരുന്നു. കാരണം കഴിഞ്ഞ തവണയും അതിനുമുമ്പും രാഷ്ട്രപതിയുടെ ഇതേ പ്രസംഗം ഞാന്‍ കേട്ടിരുന്നു. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുടെ അതേ ലിസ്റ്റ് തന്നെയായിരുന്നു ഇത്തവണയും ഉണ്ടായിരുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാറ്റയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയേക്കാള്‍ 10 വര്‍ഷം പിന്നിലാണെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
'ആളുകള്‍ എഐയെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാല്‍ എഐ പ്രവര്‍ത്തിക്കുന്നത് ഡാറ്റയുടെ മുകളിലാണ് എന്നതിനാല്‍ എഐ പൂര്‍ണ്ണമായും അര്‍ത്ഥശൂന്യമാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഡാറ്റയില്ലാതെ, എഐ ഒന്നുമല്ല. ഇന്ന് നമ്മള്‍ ഡാറ്റ നോക്കുകയാണെങ്കില്‍, വളരെ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ഈ ഫോണ്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഡാറ്റ, അടിസ്ഥാനപരമായി എല്ലാ ഇലക്ട്രോണിക്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഡാറ്റയും ചൈനയുടെ ഉടമസ്ഥതയിലുള്ളതാണ്. വര്‍ഷങ്ങളായി നമ്മള്‍ പിന്നിലാണ്,' അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."