വി.ഡി സതീശന്റെ പ്ലാൻ 63: വിവാദം ചൂടുപിടിക്കുന്നു
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അവതരിപ്പിച്ച പ്ലാൻ 63മായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിൽ ചൂടുപിടിക്കുന്നു. പുനഃസംഘടന സംബന്ധിച്ച ചർച്ച സജീവമായഘട്ടത്തിൽ പ്രതിപക്ഷനേതാവ് ഉയർത്തിയ പ്ലാൻ 63ലെ മണ്ഡലങ്ങൾ എതെല്ലാമെന്നും ഏത് മാനദണ്ഡത്തിലാണ് മണ്ഡലങ്ങൾ തെരഞ്ഞെടുത്തതെന്നുമാണ് ചൂടേറിയ ചർച്ച. രാഷ്ട്രീയകാര്യസമിതിയിൽ സതീശൻ പ്ലാൻ 63 അവതരിപ്പിച്ചപ്പോൾ തന്നെ എതിർപ്പ് ഉയർന്നിരുന്നു. തുടർന്ന് പദ്ധതി പൂർണായി അവതരിപ്പിക്കാൻ സതീശന് കഴിയാതെ വന്നതോടെ ഏതെല്ലാമാണ് 63 മണ്ഡലങ്ങൾ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേകൾ കെ.പി.സി.സി പ്രസിഡന്റും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി.സി ജനറൽ സെക്രട്ടറിയുമായി ആലോചിച്ച് ദേശീയ നേതൃത്വമാണ് നടത്തേണ്ടതന്നാണ് എ.ഐ.സി.സി പ്ലീനത്തിലെ നിലപാട്. ഇതിന് വിരുദ്ധമായി ഏകപക്ഷീയമായിട്ടാണ് 63 മണ്ഡലങ്ങൾ തെരഞ്ഞെടുക്കുകയും അതിലേക്കുള്ള പ്ലാൻ രാഷ്ട്രീയകാര്യസമിതിയിൽ അവതരിപ്പിക്കുകയും ചെയ്തതെന്നാണ് സതീശനെതിരേ ഉയരുന്ന എതിർപ്പ്. 63 മണ്ഡലങ്ങളിൽ തിരുവനന്തപുരത്തെ നേമവും കഴക്കൂട്ടവും ഇല്ലെന്നാണ് വിലയിരുത്തുന്നത്.
സതീശൻ തന്റെ പദ്ധതിക്ക് പിന്തുണതേടി ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുകയാണ്. സിറ്റിങ് സീറ്റ് ഉൾപ്പടെ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നടത്തിയാൽ മാത്രമേ യു.ഡി.എഫിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിയുകയുള്ളൂവെന്നാണ് സതീശന്റെ നിലപാട്. ഇതിനായി നേതാക്കളുമായി ആശയവിനിമയം തുടരുമെന്നാണ് സതീശൻ വ്യക്തമാക്കിയിരിക്കുന്നത്. സതീശൻ ഏകപക്ഷീയമായി ചർച്ചകൾ നടത്താതെ മുന്നോട്ടുപോകുന്നുവെന്ന മുതിർന്ന നേതാക്കളുടെ പരാതി ദേശീയനേതൃത്വത്തിന് മുന്നിലുണ്ട്. തർക്കങ്ങൾ മുറുകുന്ന സാഹചര്യത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിൽ എത്തിയിട്ടുണ്ട്.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ പുനഃസംഘടന പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ആരോഗ്യകരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം സുധാകരനെതിരേ പടയൊരുക്കം നടത്തുന്നുണ്ടെങ്കിലും പകരം ആരെന്ന കാര്യത്തിൽ വ്യക്തതയിലെത്താൻ കഴിയാത്ത സാഹചര്യമാണ്.
ബെന്നി ബെഹ് നാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കാൻ കഴിവുള്ള പൊതുസ്വീകാര്യനായ നേതാവിലേക്ക് എത്തുകയെന്നതാണ് വെല്ലുവിളി. കെ. സുധാകരനെ നിലനിർത്തിക്കൊണ്ട് മറ്റ് സ്ഥാനങ്ങളിലേക്കുള്ള പുനഃസംഘടന പൂർത്തിയാക്കാനും പിന്നീട് കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം എടുക്കാമെന്നുമുള്ള സാധ്യതകളും പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."