സംസ്ഥാന സ്‌കൂൾ കായികമേള: രുചിയിടം, കൊച്ചിൻ കഫെ, സ്വാദിടം- രുചിക്കൂട്ടുമായി 12 ഭക്ഷണവിതരണ പന്തലുകൾ
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് രൂചിക്കൂട്ടുമായി തയാറാകുന്നത് 12 ഭക്ഷണ വിതരണ പന്തലുകൾ.പാലും മുട്ടയും ചിക്കനും ബീഫുമൊക്കെ പതിവുതെറ്റിക്കാതെ ഇടംനേടിയിട്ടുണ്ട്. മത്സരാർഥികൾക്ക് താമസം ഒരുക്കിയിരിക്കുന്ന വിദ്യാലയങ്ങളിൽ പി.ടി.എയുടെ സഹായത്തോടെ ബെഡ് കോഫിയും നൽകും.വേദികളോട് ചേർന്ന് ഒരുക്കിയിരിക്കുന്ന ഭക്ഷ പന്തലിന് കൊതിയൂറും പേരുകളും നൽകിയിട്ടുണ്ട്.
പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന ഭക്ഷണപ്പന്തൽ മഹാരാജാസ് കോളജ് സ്റ്റേഡിയത്തോട് ചേർന്നാണ് സജ്ജമാകുന്നത്. ഒരേ സമയം 1000 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും.രുചിയിടം എന്ന് പേരിട്ടിരിക്കുന്ന ഈ പന്തലിനോട് ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോർട്ട്‌കൊച്ചിയിലെ വേദിയോട് ചേർന്ന് വെളി ഇ.എം.ജി.എച്ച്.എസിൽ ഒരുക്കിയിരിക്കുന്ന ഭക്ഷണവിതരണ പന്തലിന് നൽകിയിരിക്കുന്ന പേര് കൊച്ചിൽ കഫെ എന്നാണ്.
മറ്റ് വേദികളോടനുബന്ധിച്ചുള്ള ഭക്ഷണപന്തലുകൾ കടലോരം, സമൃദ്ധി ,ന്യൂട്രി ഹട്ട്, സദ്യാലയം, മെട്രോ ഫീസ്റ്റ്, സ്വാദിടം, ശാപ്പാട് ,സൽക്കാരം,നാട്ടുരുചി വിരുന്ന് എന്നീപേരുകളിലായിരിക്കും അറിയപ്പെടുക. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ ഒരുങ്ങുന്നത്.പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം,നാലുമണി ചായയും കടിയും, രാത്രിഭക്ഷണം എന്നിവയാണ് നൽകുക.
പ്രഭാത ഭക്ഷണത്തിനു മുമ്പ് മുട്ടയും പാലും, ഉച്ചയ്ക്ക് ചോറിനൊപ്പം പച്ചക്കറികളും ചിക്കൻ , ബീഫ് എന്നിവ ഇടവിട്ട ദിവസങ്ങളിൽ ഉണ്ടാവും. രാത്രി ചപ്പാത്തി, ചോറ് മുട്ടക്കറി, ചിക്കൻ കറി, വെജ് കറി എന്നിവ ഓരോ ദിവസം ഇടവിട്ട് ഉണ്ടാകും. കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനാണ് ഭക്ഷണകമ്മറ്റിക്ക് നേതൃത്വം നൽകുന്നത്.കെ,എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ചെയർമാനും എൽ. മാഗി കൺവീനറുമായ ഭക്ഷണകമ്മറ്റി കഴിഞ്ഞ രണ്ട് മാസമായി ഓരോ വിതരണ കേന്ദ്രത്തിലും വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
ഉദ്ഘാടന വേദിയിൽ മാറ്റം
കൊച്ചി: നവംബർ നാലിന് കൊച്ചിയിൽ ആരംഭിക്കുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടന വേദിയിൽ മാറ്റം. മഹാരാജാസ് കോളജ് ഗ്രൗണ്ടിലായിരിക്കും ഉദ്ഘാടന ചടങ്ങുകൾ നടക്കുകയെന്ന് മന്ത്രി വി. ശിവൻകുട്ടി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന മാധ്യമ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു.നേരത്തെ ഉദ്ഘാടനചടങ്ങ് കലൂർ ഇന്റർനാഷനൽ സ്റ്റേഡിയത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതികമായ കാരണങ്ങളാൽ വേദി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികളും ചരിത്രത്തിൽ ആദ്യമായി കായികമേളയിൽ പങ്കുചേരും. 17 വേദികളിലായി 24000 ഓളം കുട്ടികളാണ് വിവിധ കായിക ഇനങ്ങളിൽ മത്സരിക്കുന്നത്.
പി.ആർ ശ്രീജേഷ് ബ്രാൻഡ് അംബാസഡർ
കൊച്ചി:ഹോക്കി താരം പി.ആർ ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ ബ്രാൻഡ് അംബാസഡർ ആയിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കായികമേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ ഭിന്നശേഷിക്കാരനായ താരം പ്രണവ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം നവംബർ 11 ന് വൈകിട്ട് മഹാരാജാസ് കോളജ് മൈതാനിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫി സമ്മാനിക്കും.
വിജയികളെ കിരീടം ചൂടിക്കും
കൊച്ചി: സ്‌കൂൾ കായികമേളയിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ഇക്കുറി വിജയകിരീടവും ചൂടിക്കും.
ഗ്രീസിലെ ഏഥൻസിൽ ആദ്യമായി ഒളിംപിക്‌സ് ആവിഷ്‌കരിക്കപ്പെട്ടപ്പോൾ സമ്മാനമായി നൽകിയ ഒലിവ് ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് സ്‌കൂൾ കായികമേള വിജയികൾക്കും കിരീടം സമ്മാനിക്കാൻ തീരുമാനിച്ചത്.തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രൊഡക്ഷൻ സെന്ററുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെട്ട ആശയമായിരുന്നു കിരീടം.
കുട്ടികൾ അധ്യാപകരുടെ പിന്തുണയോടെ ആവേശപൂർവം കിരീട നിർമാണം ഏറ്റെടുക്കുകയായിരുന്നു. 5700 കിരീടങ്ങളാണു മേളയ്ക്കായി രണ്ടാഴ്ചക്കുള്ളിൽ നിർമിച്ചത്. വെൽവെറ്റ് ഉൾപ്പെടെയുള്ള ആകർഷകമായ തുണിയിലാണ് കിരീടം നിർമിച്ചത്. കിരീടം ഇന്നലെ കടവന്ത്ര സ്റ്റേഡിയത്തിൽ ചേർന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിക്ക് ഔപചാരികമായി കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."