വിദേശ പഠനം, തൊഴിൽ കുടിയേറ്റം; ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 10,000ത്തോളം
തിരുവനന്തപുരം: വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയിൽ വ്യാപകമായ തട്ടിപ്പുകൾ തടയുന്നതിന് ദേശീയതലത്തിൽ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കൺസൽട്ടേഷൻ യോഗം വിലയിരുത്തി.
രാജ്യത്ത് അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകൾ, വിസാ തട്ടിപ്പ്, സ്റ്റുഡന്റ് വിസാ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുള്ള റിക്രൂട്ട്‌മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസൻസിങ് ഏർപ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷൻ ആക്ടിൽ പരിമിതികളുണ്ട്. സംസ്ഥാനത്തു മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി.
നിയമപരമായ പരിമിതികളാണ് എജ്യൂക്കേഷനൽ കൺസൾട്ടൻസികളുടെ മറവിൽ നടത്തുന്ന വിദേശ റിക്രൂട്ട്‌മെന്റുകൾക്കെതിരേ നടപടിയെടുക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തുന്നതിനും കഴിയാത്തത്. വ്യാജ റിക്രൂട്ട്‌മെന്റുകൾ സംബന്ധിച്ച നോർക്ക റൂട്ട്‌സിന്റെ ആശങ്കകൾ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ യോഗത്തെ അറിയിച്ചു.
സംസ്ഥാനതലത്തിൽ പ്രത്യേക നിയമനിർമാണം സാധ്യമാകുമോ എന്നതു നിയമവകുപ്പുമായി ആലോചിക്കാനും യോഗത്തിൽ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ നോർക്ക, ആഭ്യന്തര വകുപ്പ്, നിയമവകുപ്പ്, പൊലിസ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ്, പഞ്ചാബ് സർക്കാർ, ലോകകേരള സഭ, സി.ഡി.എസ്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ തുടങ്ങി 20 ഓളം ഏജൻസികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
കംബോഡിയയിലെ ജോലിത്തട്ടിപ്പിൽ അന്വേഷണം
കോഴിക്കോട്: മലപ്പുറം, കോഴിക്കോട് സ്വദേശികളായ യുവാക്കൾ കംബോഡിയയിൽ ജോലിതട്ടിപ്പിനിരയായ സംഭവത്തിൽ റിക്രൂട്ടിങ് ഏജൻസിയെ കുറിച്ച് അന്വേഷിക്കുന്നു. ഒരു ലക്ഷത്തോളം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ കൊണ്ടുപോയ ഏജൻസിയെ കുറിച്ചാണ് അന്വേഷിക്കുന്നത്. പേരാമ്പ്ര ഡിവൈ.എസ്.പി ഹരിപ്രസാദാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കംബോഡിയയിൽ നിന്ന് നാട്ടിലെത്തിയ യുവാക്കളുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് തട്ടിപ്പിനിരയായ എഴുപേർ നാട്ടിലെത്തിയത്.
പേരാമ്പ്ര സ്വദേശിയായ അബിൻബാബു ഇപ്പോഴും കംബോഡിയയിലാണുള്ളത്. അബിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലിസ് കഴിഞ്ഞ ദിവസം നാലുയുവാക്കളെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്. അനുരാഗ്, സെമിൽ എന്നിവരുടേയും കണ്ടാലറിയുന്ന രണ്ടാളുകളുടേയും പേരിലാണ് കേസ്. അതേസമയം യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം തട്ടിപ്പു സംഘത്തിന്റെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാക്കളിൽ നിന്ന് കേന്ദ്രഏജൻസികളും വിവരങ്ങൾ ശേഖരിക്കും.
വടകര മണിയൂർ പഞ്ചായത്തിലെ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടിയിലെ പുളക്കൂൽ താഴെ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗളുരുവിലെ റോഷൻ ആന്റണി എന്നിവരാണ് തട്ടിപ്പ് സംഘത്തിന്റെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്.
ഒക്‌ടോബർ മൂന്നിനാണ് ഇവർ ബംഗളൂരുവിൽ നിന്ന് തായ്‌ലാൻഡിലേക്ക് പുറപ്പെട്ടത്. തായ്‌ലാൻഡിലെത്തിയ ശേഷം കംബോഡിയിലാണ് ജോലിയെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. സൈബർ തട്ടിപ്പുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന കമ്പനിയിലായിരുന്നു ജോലി. വിസമ്മതിച്ചതോടെ ക്രൂരമായ മർദനമാണ് ഏൽക്കേണ്ടിവന്നതെന്നാണ് യുവാക്കൾ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."