ഇംഗ്ലിഷും ഹിന്ദിയും മെരുക്കാൻ ഇ-ക്യൂബ് ഭാഷാപഠനം: കുട്ടികൾക്ക് ഭാഷാശേഷി കൈവന്നെന്ന് സർക്കാർ
തിരുവനന്തപുരം: വിദ്യാർഥികൾക്ക് ഭാഷാ പഠനത്തിന് ആരംഭിച്ച ഇ-ക്യൂബ് ഇംഗ്ലിഷ്, ഇ-ക്യൂബ് ഹിന്ദി ഭാഷാ പഠന പദ്ധതികൾ ഭാഷയെ മെരുക്കാൻ സഹായകരമായെന്ന് സർക്കാർ വിലയിരുത്തൽ. അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും അഭിപ്രായത്തിൽ നിന്നാണ് ഈ വിലയിരുത്തൽ. പഠന പദ്ധതിയുടെ ഭാഗമായ ഇ-ക്യൂബ് സ്റ്റോറീസ് പ്രോഗ്രാമിന്റെ പ്രചോദനത്താൽ ലൂർദിപുരം സെന്റ് ഹെലൻസ് ഹൈസ്‌കൂളിലെ അലീന കഴിഞ്ഞ വർഷം നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഇംഗ്ലിഷ് കവിത എഴുതിയത് ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഈ കഥ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതിന്റെ ആദ്യകോപ്പി വിദ്യാഭ്യാസ മന്ത്രി ഏറ്റുവാങ്ങിയത് വാർത്തയായിരുന്നു. ആസ്വദിക്കുക, മെച്ചപ്പെടുത്തുക, സമ്പന്നമാക്കുക എന്നീ മൂന്നു പ്രോജക്ടുകളെ സമാഹരിച്ചാണ് ഇ-ക്യൂബ് എന്ന് നാമകരണം ചെയ്തിട്ടുള്ളത്. അതുപോല ഇ-ലാംഗ്വേജ് ലാബ്, ഇ-സമഗ്ര ലൈബ്രറി, ഇ-ബ്രോഡ്കാസ്റ്റ് എന്നിവ വിദ്യാർഥികൾക്ക് വ്യക്തിഗത അനുഭവം നൽകുമെന്നുമാണ് വിലയിരുത്തൽ.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് നാല് വിഭാഗങ്ങളായി തിരിച്ച് ഇ-ക്യൂബ് ഇംഗ്ലിഷ് പഠനം ഉള്ളത്. ഇ-ക്യൂബ് സോഫ്റ്റ് വെയറിലെ സ്റ്റുഡന്റ് കൺസോൾ വഴിയാണ് പഠന-പരിശീലന മൊഡ്യൂളുകൾ ലഭ്യമാക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) ആണിത് വികസിപ്പിച്ചത്. രണ്ടുവർഷം മുമ്പാണ് ഇ-ക്യൂബ് ഇംഗ്ലിഷ് ലാബ് പ്രാബല്യത്തിൽ വന്നത്.
രണ്ടുവർഷം പൂർത്തിയാവുമ്പോഴാണ് ഇ-ക്യൂബ് ഹിന്ദിയും അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലിഷ് ഭാഷയിൽ കുട്ടികൾക്ക് കൂടുതൽ മുന്നേറാനായി എന്നാണ് സർക്കാരിന് ലഭിച്ച വിലയിരുത്തലെന്നാണ് വിവരം. അതാണ് ഹിന്ദി ഭാഷയിലും കുട്ടികളെ പരിചിതരാക്കാൻ ഈ മാസം ഇ-ക്യൂബ് ഹിന്ദിയും നടപ്പാക്കിയത്.ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ മനസിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയാത്തത് പലവിധ പരീക്ഷകളിൽ കേരളത്തിലെ കുട്ടികളെ പിന്നോട്ടടിപ്പിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.
ഇതാണ് ഭാഷാ പഠനം ചെറുപ്പത്തിൽത്തന്നെ സ്വായത്തമാക്കാൻ അവരെ സഹായിക്കുന്ന പദ്ധതി തുടങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അധ്യാപകർക്കുള്ള കൺസോൾ വഴി കുട്ടികൾക്ക് മാർഗനിർദേശം നൽകുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. പ്രധാനാധ്യാപകർക്ക് പഠനം വിലയിരുത്താനുള്ള സൗകര്യവുമുണ്ട്.
10 കഥകളും ഭാഷാപഠന പ്രവർത്തനങ്ങളും ഇതിലുണ്ട്. വിദ്യാർഥികൾ കഥ കേട്ട് പരിശീലന പ്രവർത്തനങ്ങൾ ചെയ്യുകയാണ് രീതി. അവർക്ക് ശബ്ദവും വീഡിയോയും റെക്കോഡ് ചെയ്യാനും ഭാഷാപ്രയോഗം മെച്ചപ്പെടുത്താനും അവസരമുണ്ട്.
പ്രോജക്ടുകൾ സോഫ്റ്റ് വെയർ വഴി അപ് ലോഡ് ചെയ്യാനാവും. വീഡിയോ ഗെയിം പോലെ ഇത് ചെയ്യാമെന്നതും ഇന്റർനെറ്റോ, സെർവറോ പ്രത്യേക നെറ്റ് വർക്കോ വേണ്ടാത്തതും സ്‌കൂളുകളിലുള്ള ലാപ്ടോപ്പുകളിൽ തന്നെ ഈ സംവിധാനം ലഭ്യമാക്കാമെന്നതും പ്രവർത്തന സാധ്യത എളുപ്പമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."