1.97 ലക്ഷം വീടുകൾ നിർമിക്കാൻ കേരളം കോടികൾ കണ്ടെത്തണം- ഭവന പദ്ധതിയിൽ കേന്ദ്രത്തിന്റെ ഇരുട്ടടി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ, ഗ്രാമീൺ) പദ്ധതിയിൽ ഈ സാമ്പത്തിക വർഷം 1.97ലക്ഷം വീടുകൾ നിർമിക്കാൻ കേന്ദ്രം അനുമതി നൽകിയത് പണമില്ലാതെ വലയുന്ന സർക്കാരിന് കനത്ത തിരിച്ചടിയായി.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനു കീഴിലാണ് പ്രധാനമന്ത്രി ആവാസ് യോജന വീടുകൾ നിർമിക്കുന്നത്. ഒരു വീടിന് നാലുലക്ഷം രുപയാണ് നൽകുന്നത്. കേന്ദ്രം നൽകുന്നതാകട്ടെ 72,000 രൂപ മാത്രം. ഈ സാമ്പത്തിക വർഷം 1.97 ലക്ഷം വീടുകൾ നിർമിക്കാൻ 3.28 ലക്ഷം രൂപ അധികമായി ഓരോ വീടിനും കേരളം കണ്ടെത്തണം.
നിർമിച്ച് നൽകുന്ന വീടുകൾ ബ്രാൻഡ് ചെയ്യണമെന്ന കേന്ദ്രം നിരവധി തവണ ആവശ്യപ്പെട്ടു. എന്നാൽ ഗുണഭോക്താക്കളുടെ അന്തസിനെയും ആത്മാഭിമാനത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ വീടുകൾ ബ്രാൻഡ് ചെയ്യേണ്ടതില്ലെന്ന് സംസ്ഥാനം തീരുമാനിച്ചു. നിർമിച്ച വീടുകൾക്ക് ബ്രാൻഡിങ് വേണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാൻ പറ്റില്ലെന്ന് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് 2021-22നു പി.എം.എ.വൈ പദ്ധതിയിൽ കേരളത്തിനു വീടുകൾ അനുവദിച്ചിട്ടില്ല. ഇതിൽ തീരുമാനം പറയാതെയാണ് ആദ്യം 36,067 വീടുകളും പിന്നീട് 1.61ലക്ഷവും ചേർത്ത് 1.97 ലക്ഷം വീടുകൾക്ക് കേന്ദ്രം അനുമതി നൽകിയത്.
ഇതിനകം നാലു ലക്ഷത്തിലധികം പേർക്ക് ലൈഫ് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. സർക്കാരിന്റെ സ്വന്തം പദ്ധതിയായിട്ടാണ് ലൈഫ് മിഷനെ ഉയർത്തിക്കാട്ടുന്നത്. ഒരു ലക്ഷത്തിലധികം വീടുകൾ നിർമാണത്തിലാണ്. പുതിയ ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ നവംബർ 30ന് മുൻപ് പൂർത്തിയാക്കി ഒരു വർഷത്തിനകം വീടുകൾ നിർമിച്ചുനൽകേണ്ടി വരും. ഇതിനായി കോടികൾ കണ്ടെത്തേണ്ടത് മാത്രമല്ല പല ഗുണഭോക്താക്കൾക്കും ഭൂമി ഇല്ലാത്തതിനാൽ ഇതും കേരളം കണ്ടെത്തണം.
ബ്രാൻഡിങിൽ കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കില്ലെന്ന് സംസ്ഥാനം വ്യക്തമാക്കിയതിനെ തുടർന്ന് ഓരോ പഞ്ചായത്തിലും നിർമിക്കേണ്ട വീടുകളുടെ എണ്ണം കേന്ദ്രംതന്നെ നിശ്ചയിച്ചു നൽകിയിരിക്കുകയാണ്. ആദ്യമായാണ് കേന്ദ്രം പ്രാദേശികമായി എണ്ണം നിശ്ചയിക്കുന്നത്. ഇതുൾപ്പെടെ, കേന്ദ്രമാനദണ്ഡങ്ങൾ പാലിക്കുക കേരളത്തിനു പ്രയാസകരമാകും. 60 ശതമാനം വീടുകൾ പട്ടികജാതി, വർഗ വിഭാഗങ്ങൾക്കു നൽകണമെന്ന നിബന്ധനയും കേന്ദ്രം വച്ചിട്ടുണ്ട്. ഇത് പാലിക്കാൻ ഇത്രയും ഗുണഭോക്താക്കളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ കണ്ടെത്തുക എളുപ്പമല്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ ഗുണഭോക്താക്കളായി ഇരുചക്രവാഹന ഉടമകളെയും ഉൾപ്പെടുത്താമെന്ന പുതിയ നിർദേശവും കേന്ദ്രം നൽകിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നതാണിത്. അതേസമയം, ടാക്‌സിയായോ ഉപജീവന ആവശ്യങ്ങൾക്കായോ ഓടുന്ന മുച്ചക്ര വാഹനം, കാർ എന്നിവയും മീൻപിടിത്ത ബോട്ട്, കാർഷിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയും ഉള്ളവർ തുടർന്നും പട്ടികയുടെ പുറത്താകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."