ജീവനക്കാരുടെ സ്ഥലംമാറ്റം: കാലിക്കറ്റ് വി.സിയെ മൂന്ന് മണിക്കൂർ പൂട്ടിയിട്ടു- സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനെ ചേംമ്പറിൽ പൂട്ടിയിട്ട് ഇടത് ജീവനക്കാരുടെ സർവിസ് സംഘടനയായ എംപ്ലോയീസ് യൂനിയൻ. വൈകിട്ട് നാല് മുതൽ രാത്രി ഏഴുമണി വരെയാണ് പൂട്ടിയിട്ടത്. വിദ്യാർഥി ക്ഷേമവിഭാഗം ഓഫിസിലെ സെക് ഷൻ ഓഫിസറും എംപ്ലോയീസ് യൂനിയൻ പ്രവർത്തകയുമായ കെ. ഷമീം, സർവകലാശാല ലീഗൽ സെല്ലിലെ സെക്ഷൻ ഓഫിസറും ഇടത് യൂനിയൻ അംഗവുമായ എം. സി വിനോദ് എന്നിവരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
സ്ഥലം മാറ്റം റദ്ദാക്കാൻ വി.സി തയാറായില്ല. ഡി.എസ്.യു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതിയിൽ വി.സിയുടെ പേരിൽ അപ്പീൽ നൽകിയതിൽ കൃത്യമായ വിശദീകരണം നൽകാത്തതിനാലാണ് ലീഗൽ സെൽ ഉദ്യോഗസ്ഥനെ മാറ്റിയത്. വിദ്യാഥികളോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന പരാതികളെ തുടർന്നാണ് സ്റ്റുഡൻസ് ഡീൻ ഓഫിസിലെ ജീവനക്കാരിയെ മാറ്റിയത്.
പകരം സ്റ്റാഫ് ഓർഗനൈസേഷൻ നേതാവായ കെ.സുരേഷ് കുമാറിനെ ഡീൻ ഓഫിസിലേക്കും സോളിഡാരിറ്റി ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് നേതാവായ കെ.ആദം മാലികിനെ ലീഗൽ സെല്ലിലേക്കും മാറ്റിയിരുന്നു. തീരുമാനം മാറ്റില്ലെന്ന് വി.സി നിലപാടെടുത്തതോടെ സമരക്കാരെ പൊലിസ് വൈകിട്ട് ഏഴുമണിയോട അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരം തുടരുമെന്ന നിലപാടിലാണ് എംപ്ലോയീസ് യൂനിയൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."