പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട കേസ് പ്രദേശത്ത് ക്യാംപ് ചെയ്ത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. ഇന്ന് അന്വേഷണം ഏറ്റെടുക്കുന്ന സംഘം ദേവസ്വം ഭാരവാഹികളുടെ മൊഴി ആദ്യം രേഖപ്പെടുത്തും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.
പൂരം കലക്കല്‍ വിവാദത്തിലെ ത്രിതല അന്വേഷണത്തില്‍ സഹകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൂഢാലോചനയ്ക്ക് എഫ്.ഐ.ആര്‍ ഇട്ടത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. ഗൂഢാലോചനയില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് എവിടെയോ തെറ്റ് പറ്റിയതാകാമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാറും പറഞ്ഞു.
ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് പൂരം കലക്കല്‍ വിവാദത്തില്‍ പൊലിസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലിസാണ് കേസെടുത്തത്. എഫ്.ഐ.ആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പ്രകാരം കേസെടുത്താല്‍ തിരുവമ്പാടി ദേവസ്വം പ്രതിയാകും.
എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു നിയമോപദേശം. തിരുവമ്പാടി ദേവസ്വത്തെ പ്രതിചേര്‍ക്കാതിരിക്കാനാണ് പൊതുവായ പരാതിയില്‍ പൊലിസ് കേസെടുത്തത്. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ പരാതികളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഇന്‍സ്‌പെക്ടറുടെ പരാതി. ഈ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. എഫ്‌ഐആര്‍. ഗൂഢാലോചന , മത വിശ്വാസങ്ങളെ അവഹേളിക്കാന്‍ ബോധപൂര്‍വമായ ശ്രമം, സര്‍ക്കാരിനെതിരെ യുദ്ധത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നിങ്ങനെ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ അവസാനത്തെ വകുപ്പ് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്നതാണ്.
പൂരം കലക്കലില്‍ നേരത്തെ തന്നെ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്പി സാബു മാത്യു, കൊച്ചി എസിപി പി. രാജ്കുമാര്‍, വിജിലന്‍സ് ഡി.വൈ.എസ്.പി ബിജു വി നായര്‍, ഇന്‍സ്‌പെക്ടര്‍മാരായ ചിത്തരഞ്ജന്‍, ആര്‍ ജയകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."