പത്തനംതിട്ട പൊലിസ് മര്‍ദ്ദനത്തില്‍ വകുപ്പുതല നടപടി; എസ്.ഐ ജിനുവിന് സ്ഥലംമാറ്റം
പത്തനംതിട്ട: പത്തനംതിട്ടയില്‍ ദമ്പതികള്‍ അടക്കമുള്ള സംഘത്തെ നടുറോഡില്‍ അകാരണമായി തല്ലി ചതച്ച സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ്.ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. എസ്പി ഓഫിസിലേക്കാണ് മാറ്റം. തുടര്‍നടപടി ഡി.ഐ.ജി തീരുമാനിക്കും. വിശദമായ റിപ്പോര്‍ട്ട് ജില്ലാ പൊലിസ് മേധാവി ഡി.ഐ.ജിക്ക് നല്‍കി.
ഇന്നലെ രാത്രി 11 മണിയോടെയാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജിനുവും സംഘവും അടൂരില്‍ കല്യാണ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ കുടുംബത്തെ അകാരണമായി തല്ലിച്ചതച്ചത്. ലാത്തിയടിയില്‍ ശ്രീജിത്ത് എന്നയാളുടെ തലക്ക് ഗുരുതര പരിക്കേറ്റു. ശ്രീജിത്തിന്റെ ഭാര്യ സിതാരക്കും അടിയേറ്റു.
രാത്രി പത്തേമുക്കാലോടെ സ്റ്റാന്‍ഡിനു സമീപത്തെ ബാറിന്റെ ചില്ലുവാതിലില്‍ തട്ടി മദ്യം ആവശ്യപ്പെട്ട് എട്ടംഗസംഘം പ്രശ്നമുണ്ടാക്കിയിരുന്നു. ശല്യം രൂക്ഷമായതോടെ ബാര്‍ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ഇവരെ തിരഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ ഈ സമയം വാഹനത്തിലെത്തിയ വിവാഹസംഘം മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം വാഹനം നിര്‍ത്തി. ഇതേസമയം സ്ഥലത്തെത്തിയ പൊലീസ് ആളുമാറി വിവാഹസംഘത്തിനു നേരെ ലാത്തിവീശുകയായിരുന്നു.
സംഭവത്തില്‍ ദക്ഷിണ മേഖല ഡിഐജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍ ജനറല്‍ ആശുപത്രിയിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."