സ്‌കൂട്ടര്‍ പകുതി വിലയ്ക്ക്'; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി, പഞ്ചയത്തംഗങ്ങളും തട്ടിപ്പിനിരയായി
ഇരിക്കൂര്‍: വനിതകള്‍ക്ക് സ്‌കൂട്ടര്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കുടുങ്ങിയവരില്‍ ഇരിക്കൂറില്‍ പഞ്ചായത്ത് അംഗങ്ങളും. ഇരിക്കൂര്‍ പഞ്ചായത്ത് മെംബര്‍ കവിതയും പണമടച്ചവരില്‍പ്പെടുന്നു. കണ്ണൂര്‍ ടൗണ്‍ പൊലിസെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതിയാണ്.
സ്ത്രീ ശാക്തീകരണമെന്ന് തെറ്റിത്സരിപ്പിച്ച് സര്‍ദാര്‍ ദല്ലഭായി പട്ടേല്‍ പേരില്‍ സാമൂഹിക സംരംഭകത്വ വികസന പദ്ധതി പ്രകാരം പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കുമെന്നായിരുന്നു പ്രചാരണം. ഒരു ലക്ഷം, 1,20,000 രൂപ വിലയുള്ള സ്‌കൂട്ടികള്‍ 50,000 രൂപക്കും 60,000 രൂപക്കും നല്‍കുമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. ഓരോ പ്രദേശത്തും ഇക്കാര്യം പ്രചാരണം ചെയ്ത് ആളുകളെ കൂട്ടാന്‍ പ്രത്യേകം പ്രമോട്ടര്‍മാരെ നിയമിച്ച് അവരിലുടെയാണ് അപേക്ഷകളും പണവും സ്വീകരിച്ച് വനിതകളെ ചേര്‍ത്തത്.
വാഗ്ദാനം വിശ്വസിച്ച് ഇരിക്കൂറിലും മണ്ഡലങ്ങളിലും ആയിരങ്ങളാണ് ഇതില്‍ ചേര്‍ന്നത്. ഇതിന്റെ ഭാഗമായി അപേക്ഷകരെ വിശ്വസിപ്പിക്കാനായി പകുതി വിലയ്ക്ക് ലാപ്ടോപുകളും ജലസംഭരണി, തയ്യല്‍ മെഷ്യനുകളും സൗജന്യ വിലയില്‍ ഓണക്കിറ്റുകളും നല്‍കിയിരുന്നു. അപേക്ഷയോടൊപ്പം പണം അടച്ച ഏതാനും പേര്‍ക്ക് സ്‌കൂട്ടറും നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി വിതരണത്തിന് പ്രത്യേകം തിയതികളും നല്‍കിയിരുന്നു. അവധികളെല്ലാം തെറ്റിയതോടെ പലര്‍ക്കും ആശങ്ക ഉണ്ടായിരുന്നെങ്കിലും പ്രമോട്ടര്‍മാര്‍ ഉടന്‍ വിതരണം ചെയ്യുമെന്നും വിതരണ കേന്ദ്രങ്ങളുടെ ലിസ്റ്റും അറിയിച്ചിരുന്നു. ആ കാര്യങ്ങള്‍ ഇവരുടെ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയും വിശ്വസിപ്പിച്ച് കൂടുതല്‍ പേരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു.
അറിയിച്ച കാലാവധി കഴിഞ്ഞിട്ടും വാഹനം ലഭിക്കാതായതോടെ പലരും പരാതിയുമായി പൊലിസ് സ്റ്റേഷനുകളിലെത്തി തുടങ്ങി. പലരും സ്‌കൂട്ടര്‍ വേണ്ട അടച്ച തുക തിരിച്ചു തന്നാല്‍ മതിയെന്നു പറഞ്ഞിട്ടും വണ്ടി ഉടന്‍ എത്തുമെന്നും പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. ഇരിക്കൂര്‍ പഞ്ചായത്തില്‍നിന്ന് പണമടച്ച് വഞ്ചിതരായവര്‍ പൊലിസ് സ്റ്റേഷനില്‍ ഇന്ന് പരാതി നല്‍കും. ശ്രീകണ്ഠപുരം, മയ്യില്‍, കുടിയാന്മല സ്റ്റേഷനുകളില്‍ നൂറുകണക്കിന് വനിതകളാണ് പരാതിനല്‍കിയത്.
തളിപ്പറമ്പിലും പരാതി
തളിപ്പറമ്പ്: സ്പിയാര്‍ഡ്സ് പ്രൊജക്ട് ഇംപ്ലിമെന്റ് ഏജന്‍സിയില്‍ പകുതി വിലയ്ക്ക് ഇരുചക്ര വാഹനം ബുക്ക് ചെയ്ത് വാഹനം നല്‍കാത്തതിനെതിരേ തളിപ്പറമ്പിലും പരാതികള്‍. ഇന്നലെ മുപ്പതിലേറെ പരാതികളാണ് തളിപ്പറമ്പ് പൊലിസിന് ലഭിച്ചത്. ഇന്ന് കൂടുതല്‍പേര്‍ പരാതി നല്‍കുമെന്നാണ് വിവരം. തളിപ്പറമ്പ് ആസ്ഥാനമായുള്ള സോഷ്യോ എക്കണോമിക്ക് ആന്‍ഡ് എന്‍വറോമന്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (സീഡ്) വഴി ഇരുചക്ര വാഹനത്തിനായി 425 പേരില്‍ നിന്ന് അറുപതിനായിരത്തോളം രൂപ വീതമാണ് സ്പിയാര്‍ഡ്സ് ചെയര്‍മാന്‍ ഇടുക്കി സ്വദേശി സി.വി അനന്ദു കൃഷ്ണന്റെ അക്കൗണ്ടില്‍ നല്‍കിയത്. ഇവരില്‍ ആര്‍ക്കും വാഹനം നല്‍കിയിട്ടില്ല. പരാതികള്‍ ഉയര്‍ന്നതോടെ സ്പിയാര്‍ഡ്സ് അവതരിപ്പിച്ച സ്ത്രീകള്‍ക്ക് ഉപകാരപ്രദമായ ഒരു പദ്ധതി പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സീഡ് സൊസൈറ്റി നേരിട്ട് ആരില്‍നിന്നും പണം പിരിച്ചിട്ടില്ലെന്നുമാണ് സീഡ് ഭാരവാഹികള്‍ പറയുന്നത്. ഗുണഭോക്തൃ വിഹിതം തിരിച്ചു കിട്ടുന്നതിന് സര്‍ക്കാരും നിയമ സംവിധാനങ്ങളും ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതോടെ ഗുണഭോക്തൃ വിഹിതം നല്‍കിയവരുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. പണം തിരിച്ചു നല്‍കുന്നതില്‍ നിന്നുള്ള ഉത്തരവാദിത്തം ഒഴിയുന്ന നിലപാടാണ് സീഡ് ഭാരവാഹികളില്‍നിന്നുണ്ടായതെന്ന് ആക്ഷേപം ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."