തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ കാര്യങ്ങള്‍ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തി. തന്‍റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നൽകി. പുഷ്പയെ വെറുതെ വിട്ടതിൽ തനിക്ക് നിരാശയുണ്ടെന്നും ഇനി പുറത്തിറങ്ങാതിരിക്കാൻ കൂട്ട പരാതി നൽകിയവരിൽ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. ആലത്തൂര്‍ ഡിവൈഎസ്‍പി എൻ മുരളീധരന്‍റെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ ഈ കാര്യങ്ങൾ പറഞ്ഞത്.
നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് ക്രമീകരിച്ചിരുന്നത്. നാളെ വൈകീട്ട് 3 മണി വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നാളെയും തെളിവെടുപ്പ് തുടരും.
ഇന്ന് രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂർ ജയിലിൽ നിന്ന് ആലത്തൂർ കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പൊലീസ് പ്രതിയുമായി പോത്തുണ്ടിയിലെ ബോയൻ കോളനിയിലേക്കാണ് പോയത്.അവിടെ ചെന്താമര കൊല നടത്തിയ സ്ഥലത്താണ് ആദ്യമെത്തിച്ചത്. അതിനുശേഷം വീട്ടിലേക്ക് പോയതും മലയിൽ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു സങ്കോചവുമില്ലാതെ ചെന്താമര പൊലീസിന് വിശദീകരിച്ചുകൊടുത്തത്. കൊടുവാൾ വീട്ടിൽ വെച്ചശേഷം പാടവരമ്പിലൂടെ ഓടി. ഇടയ്ക്ക് കമ്പി വേലി ചാടി കടന്നപ്പോൾ ശരീരത്തിൽ ചെറിയ മുറിവേറ്റു.
പകൽ മുഴുവൻ പാടത്തെ ചെറിയ ചാലിൽ തന്നെ ഒളിച്ചു. രാത്രി കനാലിലൂടെ മലകയറിയെന്നും അവിടെ ഒരു ഗുഹയിലായിരുന്നു താമസമെന്നും ചെന്താമ പൊലീസിനോട് വിശദീകരിച്ചു. ഒളിവിലിരിക്കെ പൊലീസ് ജീപ്പിന്‍റെ വെളിച്ചം പലവട്ടം കണ്ടുവെന്നും ചെന്താമര പറഞ്ഞു. മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
സ്ത്രീകൾ ചെന്താമരയെ കണ്ടതും പൊട്ടിത്തെറിച്ചു. പൊലീസിന് ഏറെ പഴി കേൾക്കേണ്ടി വന്ന കേസായതിനാൽ പഴുതടച്ച നടപടിക്രമങ്ങളാണ് അന്വേഷണ സംഘം നടത്തിയത്. പ്രദേശവാസികളുടെ വൈകാരിക പ്രകടനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ വൻ സുരക്ഷയാണ് പോത്തുണ്ടി മുതൽ ബോയൻ കോളനി വരെ ഒരുക്കിയിരുന്നത്. എന്നാൽ, നാട്ടുകാർ പൊലീസിനോട് പൂർണമായി സഹകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."