ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ
2018ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിനൊപ്പമുള്ള നീണ്ട കാലത്തേ കരാർ അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്ക് കൂടുമാറിയത്. ഈ ട്രാൻസ്ഫർ നടക്കുന്ന സമയങ്ങളിൽ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോയുടെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന് പറയുകയാണ് റൊണാൾഡോ. റയൽ വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന സമയങ്ങളിൽ പെരസ് തന്നോട് മോശമായി പെരുമാറിയെന്നാണ് റൊണാൾഡോ പറഞ്ഞത്.
'ഞാൻ റയൽ മാഡ്രിഡ് വിടുന്ന സമയങ്ങളിലുള്ള ചർച്ചാ ഘട്ടങ്ങളിൽ ഫ്ലോറന്റിനോ പെരസ് എന്നോട് നല്ല രീതിയിൽ പെരുമാറിയില്ല. എനിക്ക് അത് മനസ്സിലായി. കാരണം അദ്ദേഹത്തിന്റെ ശൈലി എല്ലായ്പ്പോഴും അങ്ങനെയാണ്. ഒരു പുതിയ അധ്യായം ആഗ്രഹിച്ചുകൊണ്ടാണ് ഞാൻ റയൽ മാഡ്രിഡ് വിട്ടത്. ഞാൻ പെരസിനോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. പക്ഷേ പിന്നീട് പെരസ് എന്നെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ എനിക്ക് ഇനി ഒരു തിരിച്ചുവരവില്ലായിരുന്നു. കാരണം ഞാൻ ആ സമയങ്ങളിൽ യുവന്റസിന് വാക്ക് കൊടുത്തിരുന്നു,' റൊണാൾഡോ പറഞ്ഞു.
2009 മുതൽ 2018 വരെയാണ് റൊണാൾഡോ റയലിനൊപ്പം കളിച്ചത്. ഈ കാലയളവിൽ റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോ മാറുകയായിരുന്നു. റയലിനായി 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകളും 131 അസിസ്റ്റുകളും ആണ് റൊണാൾഡോ നേടിയത്.
100 മില്യൺ യൂറോക്കാണ് താരം ഇറ്റലിയിലേക്ക് ചേക്കേറിയത്. യുവന്റസിനൊപ്പം മൂന്ന് സീസണുകളിൽ തകർപ്പൻ പ്രകടനമായിരുന്നു റൊണാൾഡോ നടത്തിയത്. രണ്ട് സീരി എ കിരീടങ്ങൾ ഉൾപ്പെടെ അഞ്ച് കിരീടങ്ങളാണ് റൊണാൾഡോ ഇറ്റാലിയൻ വമ്പന്മാർക്കൊപ്പം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."