ചിലർ കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നു; രാഹുലിനെതിരെ ഒളിയമ്പുമായി മോദി
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചർച്ചയ്ക്ക് മറുപടി പറയവെ പ്രതിപക്ഷനേതാക്കൾക്കെതിരെ വിമർശനവും പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം വിനോദത്തിനായി പാവപ്പെട്ടവരുടെ കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നവർക്ക്, പാർലമെൻ്റിൽ ദരിദ്രരെക്കുറിച്ച് പറയുന്നത് ബോറടിയായി തോന്നുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ചിലനേതാക്കൾ ആഡംബരംനിറഞ്ഞ കുളിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, തങ്ങളുടെ ശ്രദ്ധ എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കുന്നതിലാണെന്നും മോദി അവകാശപ്പെട്ടു. 14-ാം തവണയും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി പറയാൻ തനിക്ക് അവസരം നൽകിയ ജനങ്ങളോട് നന്ദി പറയുന്നുവെന്ന മുഖവുരയോടെയായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്.
'ഞങ്ങൾ വ്യാജ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കാറില്ല. മറിച്ച് യഥാർഥ വികസനമാണ് ഞങ്ങൾ നൽകിയത്. മിസ്റ്റർ ക്ലീൻ എന്നായിരുന്നു ഒരു പ്രധാനമന്ത്രിയെ വിളിക്കാറ്. കേന്ദ്രത്തിൽനിന്ന് ഒരു രൂപ നൽകിയാൽ, 15 പൈസ മാത്രമേ ജനങ്ങൾക്ക് ലഭിക്കാറുള്ളൂയെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ദരിദ്രരുടെ വേദനയും സാധാരണക്കാരുടെ കഷ്‌ടപ്പാടുകളും എളുപ്പം മനസിലാക്കാൻ സാധിക്കില്ല. അതിന് 'പാഷൻ' വേണം, ചിലർക്ക് അതില്ല. ഓല മേഞ്ഞ മേൽക്കൂരയ്ക്കു കീഴിൽ ജീവിക്കുന്നവരുടെ ബുദ്ധിമുട്ടും തകർന്ന സ്വപ്നങ്ങളും എല്ലാവർക്കും മനസിലാകണമെന്നില്ല', മോദി പറഞ്ഞു.
ഗരീബി ഹഠാവോ മുദ്രാവാക്യത്തെയും മോദി പരിഹസിച്ചു. അഞ്ചുപതിറ്റാണ്ടോളം ഗരീബി ഹഠാവോ മുദ്രാവാക്യം കേട്ടുവെന്നും എന്നാൽ അത് നടപ്പാക്കാൻ സാധിച്ചില്ലെന്നും മോദി പറഞ്ഞു. ഞങ്ങൾ യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നു, അതേസമയം, ചില പാർട്ടികൾ നടപ്പാക്കാൻ കഴിയാത്ത വാഗ്‌ദാനങ്ങൾ നൽകി അവരെ വിഡ്ഢികളാക്കുന്നു. ഇവർ യുവാക്കളുടെ ഭാവിയിന്മേൽ ദുരന്തങ്ങളായി മാറുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ ആലോചിക്കാതെ, അനർഹരായ 10 കോടിപ്പേരെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയിൽനിന്ന് സർക്കാർ നീക്കി. 10 വർഷത്തിനിടെ ആദായനികുതി കുറച്ച് മധ്യവർഗത്തിന്റെ സേവിങ്സ് വർധിപ്പിച്ചു. 2014-ന് മുമ്പ് നികുതി ബോബംബുകളും ബുള്ളറ്റുകളുമായിരുന്നു തൊടുത്തുവിട്ടത്. അത് ജനജീവിതത്തെ ബാധിച്ചു. തങ്ങൾ ക്രമേണ ആ മുറിവുണക്കിയെന്നും മോദി അവകാശപ്പെട്ടു.
രണ്ടുലക്ഷം രൂപവരെയായിരുന്നു 2013-14 കാലഘട്ടത്തിൽ ആദായനികുതി പരിധി. എന്നാൽ, ഇന്ന് ഇപ്പോൾ അത് 12 ലക്ഷമായി ഉയർത്തി. ഞങ്ങൾ മുറിവുണക്കുക മാത്രമല്ല, അതിന് മുകളിൽ ബാൻഡേജിട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
Modi Slams Those Who Photograph Poor for 'Fun', Says it's Insensitive
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."